Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ എഐ ചിപ്പ് കമ്പനിയായ എൻവിഡിയ ഒരു ഇന്ത്യൻ വംശജനായ ടെക്കിയെ നിയമിക്കാൻ ചെലവഴിച്ചത് 900 മില്യൺ ഡോളർ (8000 കോടി) രൂപയാണ്. സിലിക്കൺ വാലി ആസ്ഥാനമായുള്ള എഐ ഹാർഡ്‌വെയർ സ്റ്റാർട്ടപ്പായ 'എൻഫാബ്രിക്ക'യുടെ സ്ഥാപകനും പ്രസിഡന്റും സിഇഒയുമായ റോച്ചൻ ശങ്കറിനെയാണ് 8000 കോടി രൂപ നൽകി എൻവിഡിയ സ്വന്തമാക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായ 'ആയിരക്കണക്കിന് ചിപ്പുകളെ ഒരു സൂപ്പർ കമ്പ്യൂട്ടർ പോലെ പ്രവർത്തിപ്പിക്കുക' എന്ന വെല്ലുവിളി റോച്ചൻ ശങ്കറിന്റെ കമ്പനിയായ എൻഫാബ്രിക്ക പരിഹരിച്ചു. പിന്നാലെയാണ് റോച്ചനെയും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനെയും എൻവിഡിയ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചത്.
എഐ മോഡലുകളെ പരിശീലിപ്പിക്കാൻ നിരവധി ചിപ്പുകൾ ആവശ്യമാണ്. എന്നാൽ നെറ്റ്‌വർക്കിന്റെ വേഗത കുറഞ്ഞാൽ ആ വിലയേറിയ ചിപ്പുകൾ പ്രവർത്തനരഹികതമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എൻഫാബ്രിക്കയുടെ സാങ്കേതികവിദ്യയ്ക്ക് നെറ്റ്‌വർക്ക് വേഗത കുറയ്ക്കാതെ തന്നെ ഒരേസമയം ഒരു ലക്ഷം എഐ ചിപ്പുകൾ വരെ ബന്ധിപ്പിക്കാൻ കഴിയും. അതുകൊണ്ടാണ് റോച്ചൻ ശങ്കറിനെയും സംഘത്തെയും എൻവിഡിയ നിയമിച്ചത്.
എൻഫാബ്രിക്ക ആരംഭിക്കുന്നതിന് മുമ്പ് റോച്ചൻ ബ്രോഡ്കോമിൽ സീനിയർ ഡയറക്ടറായിരുന്നു. അവിടെ അദ്ദേഹം ഡാറ്റാ സെന്റർ ഈഥർനെറ്റ് സ്വിച്ച് സിലിക്കൺ ബിസിനസിന് നേതൃത്വം നൽകി. ടോമാഹോക്ക്, ട്രൈഡന്റ് തുടങ്ങിയ നിരവധി ചിപ്പുകൾ വരവറിയിച്ചത് അവിടെവച്ചായിരുന്നു.
ടൊറന്റോ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎയും നേടിയ റോച്ചൻ നിരവധി സ്റ്റാർട്ടപ്പുകളിലും പൊതു സെമികണ്ടക്ടർ കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്.