അതീഖിന്റെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

പൊലീസിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും.

Update: 2023-04-17 09:07 GMT
Advertising

ലഖ്നൗ: യു.പിയിൽ സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദദിന്റെയും സഹോദരന്റെയും കൊലപാതകം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. എ.ഡി.ജി.പി ഭാനു ഭാസ്കറിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുക. സംഘം ഉടൻ അന്വേഷണം ഏറ്റെടുക്കും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് മൂന്നംഗ സംഘത്തെ രൂപീകരിച്ചത്. കൊലപാതകത്തിന്റെ എല്ലാവശങ്ങളും അന്വേഷിച്ച് സർക്കാരിന് കൃത്യമായി സമർപ്പിക്കണം എന്നാണ് നിർദേശം. പൊലീസിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും.

പൊലീസ് സാന്നിധ്യത്തിലായിരുന്നു കൊലപാതകം എന്നതിനാൽ സുരക്ഷാ വീഴ്ച സംബന്ധിച്ച് വൻ വിമർശനമാണ് ഉയരുന്നത്. അക്രമികൾക്ക് പൊലീസിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. അങ്ങനെയുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ ആ രീതിയിലുള്ള അന്വേഷണവും നടക്കുമെന്നാണ് വിവരം.

നേരത്തെ, അതീഖിന്റെ മകൻ ആസാദിന്റേയും സഹായിയുടേയും കൊലപാതകത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയായിരുന്നു തൊട്ടടുത്ത ദിവസം പൊലീസ് സാന്നിധ്യത്തിൽ നടന്ന ഈ രണ്ട് കൊലപാതകങ്ങൾ. ഇതിനിടെ, കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് യു.പിയുടെ വിവിധ ഭാഗങ്ങളിൽ വലിയ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കും ഔദ്യോഗിക വസതിക്കും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രയാഗ്‌രാജിലുൾപ്പെടെ വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും കല്ലേറുണ്ടായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം, യു.പിയിൽ നിരന്തരംഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ളവ നടക്കുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. യോഗി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഇത്തരത്തിൽ ഏറ്റുമുട്ടലിലൂടെയുൾപ്പെടെ ആളുകളെ കൊലപ്പെടുത്തുന്ന രീതി വ്യാപകമായതെന്നും ഇതിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

പൊലീസ് അന്വേഷണം കൂടാതെ, കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണവും നടക്കും. അലഹബാദ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട്‌ സർക്കാർ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

റിട്ട. ഐ.പി.എസ് ഓഫീസർ സുബീഷ് കുമാർ സിങ്, റിട്ട. ജില്ലാ ജഡ്ജി ബ്രിജേഷ് കുമാർ സോണി എന്നിവരാണ് മറ്റ്‌ അംഗങ്ങൾ. രണ്ട് മാസത്തിനകം യു.പി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. പൊലീസിന്റെ സുരക്ഷാ വീഴ്ച ഉൾപ്പെടെ ഈ സംഘവും അന്വേഷിക്കും.

ഇതിനിടെ, ഇരുവരുടേയും കൊലക്കേസിന്റെ അന്വേ‌ഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചു. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാബ് താക്കൂറാണ് ഹരജി നൽകിയത്.  





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News