എഎപിയുടെ ഡോക്യുമെന്ററി പ്രദർശനം പൊലീസ് തടഞ്ഞെന്ന് പരാതി; ബിജെപി ഭയക്കുന്നുവെന്ന് കെജ്‌രിവാൾ
മാധ്യമപ്രവർത്തകർക്കായി പ്രദർശിപ്പിക്കേണ്ടിയിരുന്ന 'അൺബ്രേക്കബിൾ' എന്ന ഡോക്യുമെന്ററിയാണ് തടഞ്ഞത്
ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ ഡോക്യുമെന്ററി പ്രദർശനം പൊലീസ് തടഞ്ഞെന്ന് പരാതി. മാധ്യമപ്രവർത്തകർക്കായി പ്രദർശിപ്പിക്കേണ്ടിയിരുന്ന ' അണ്‍ബ്രേക്കബിള്‍' എന്ന ഡോക്യുമെന്ററിയാണ് തടഞ്ഞത്.
ബിജെപി ഡോക്യുമെന്ററിയെ ഭയക്കുന്നതായി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
അഴിമതിക്കേസുകളിൽ ജയിലിൽ കഴിയുന്ന എഎപി നേതാക്കളെ കേന്ദ്രീകരിച്ചാണ് ഡോക്യുമെന്ററി. ഡൽഹി പൊലീസിനെ ഉപയോഗിച്ച് ബിജെപി സ്‌ക്രീനിംഗ് തടയുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.
'ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്. ഇത് മാധ്യമപ്രവര്‍ത്തകരെ കാണിക്കാനിരുന്നപ്പോള്‍ ,വന്‍ പൊലീസ് സേനയെ വിന്യസിച്ച് പ്രദര്‍ശനം ബിജെപി തടഞ്ഞിരിക്കുകയാണ്. ഈ ചിത്രത്തെ ബിജെപി വല്ലാതെ ഭയക്കുന്നു'-എഎപി ദേശീയ കണ്‍വീനര്‍ എക്സില്‍ കുറിച്ചു. ആം ആദ്മി നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നിലെ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളെ ഈ സിനിമ തുറന്നുകാട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രദര്‍ശനത്തിന് അനുമതി തേടിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലാണ് തടഞ്ഞത് എന്നുമാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്.
ഇതിനിടെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടനപത്രിക ആം ആദ്മി പാർട്ടിയുടെത് നോക്കി കോപ്പിയടിച്ചതാണെന്ന ആരോപണവുമായി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു . എഎപിയുടെ പാതയാണ് ബിജെപി പിന്തുടരുന്നതെങ്കിൽ പിന്നെ എന്തിനാണ് അവരെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫെബ്രുവരി അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ട് എണ്ണും.
Watch Video Report