'ആത്മാർഥതയുടെ നിറദീപം'; വീൽചെയറിൽ പാർലമെന്റിലെത്തിയ മൻമോഹൻ സിങ്ങിനെ പുകഴ്ത്തി എ.എ.പി നേതാക്കൾ

യു.പി.എ കാലത്ത് മൻമോഹൻ സിങ്ങിന്റെ കടുത്ത വിമർശകരായിരുന്ന കെജ്‌രിവാൾ അടക്കമുള്ള നേതാക്കൾ പാർലമെന്റിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പുകഴ്ത്തി രംഗത്തെത്തി.

Update: 2023-08-09 10:59 GMT
Advertising

ന്യൂഡൽഹി: ഡൽഹി ഭരണനിയന്ത്രണ ബില്ലിൽ വോട്ട് രേഖപ്പെടുത്താൻ രോഗത്തിന്റെ അവശതകൾക്കിടയിലും വീൽചെയറിൽ രാജ്യസഭയിലെത്തിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ പുകഴ്ത്തി എ.എ.പി നേതാക്കൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, രാഘവ് ഛദ്ദ തുടങ്ങിയ മുതിർന്ന എ.എ.പി നേതാക്കൾ മുൻ പ്രധാനമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തി.

'ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ജിയും ജാർഖണ്ഡ് മുക്തി മോർച്ച അധ്യക്ഷൻ ഷിബു സോറൻജിയും പാർലമെന്റിലെത്തി. ഇരുനേതാക്കൾക്കും എല്ലാ ഡൽഹി നിവാസികളുടെയും പേരിൽ നന്ദി പറയുന്നു'-കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

'ഇന്ന്, രാജ്യസഭയിൽ ഡോ. മൻമോഹൻ സിങ് ആത്മാർഥതയുടെ നിറദീപമായി നിൽക്കുകയായിരുന്നു. കരിനിയമത്തിനെതിരെ വോട്ട് ചെയ്യാനായി അദ്ദേഹം സഭയിലെത്തിയത് അതിന്റെ തെളിവാണ്. ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത അഗാധമായ പ്രചോദനമാണ് നൽകുന്നത്. അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത പിന്തുണക്ക് എന്റെ ഹൃദംഗമമായ നന്ദി അറിയിക്കുന്നു'-എ.എ.പി എം.പി രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തു.

തന്റെ ആരോഗ്യപ്രശ്‌നങ്ങൾ അവഗണിച്ച് രാജ്യസഭയിലെത്തിയ മൻമോഹൻ സിങ്ങിനോട് എ.എ.പി അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കുമെന്ന് അക്ഷയ് മറാത്തെ പറഞ്ഞു.

തിങ്കളാഴ്ച സുപ്രധാന വിഷയങ്ങൾ ചർച്ചക്ക് വരുന്നതുകൊണ്ട് രാജ്യസഭയിലുണ്ടാകണമെന്ന് കോൺഗ്രസ് എം.പിമാർക്ക് വിപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ ഒരാളും വീഴ്ചവരുത്തരുതെന്നും പാർട്ടിയുടെ നിലപാടിനെ പിന്തുണക്കണമെന്നും വിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ഇത് അക്ഷരംപ്രതി പാലിച്ചാണ് രോഗത്തിന്റെ അവശതകൾക്കിടയിലും മൻമോഹൻ സിങ് പാർലമെന്റിലെത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News