പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചതിന്റെ മറുപടി ജനം വോട്ടിലൂടെ തിരിച്ചുതരുമെന്ന് സഞ്ജയ് സിങ്

അധികനാൾ ബിജെപിയുടെ ഏകാധിപത്യം നീളി​ല്ലെന്നും മദ്യനയക്കേസിൽ ജാമ്യത്തിലിറങ്ങിയ ആംആദ്മി പാർട്ടി എംപി പറഞ്ഞു

Update: 2024-04-04 01:09 GMT
Editor : Anas Aseen | By : Web Desk
Advertising

ഡൽഹി: പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചതിന്റെ മറുപടി ജനം വോട്ടിലൂടെ തിരിച്ചുതരുമെന്ന് ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങ്.അധികനാൾ ബിജെപിയുടെ ഏകാധിപത്യം നീളി​ല്ലെന്നും മദ്യനയക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സഞ്ജയ് സിങ് പറഞ്ഞു.ജയിൽ മോചിതനായ സഞ്ജയ് സിങ്ങിന് വലിയ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.

രാത്രി ഏറെ വൈകിയും പാർട്ടിയെ ആസ്ഥാനത്ത് തടിച്ചുകൂടിയ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയാണ് പ്രിയ നേതാവിനെ സ്വീകരിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പടുത്തിരിക്കെ സഞ്ജയ് സിംഗിന്റെ ജാമ്യം ആം ആദ്മി പ്രവർത്തകരിൽ ആവേശം വർദ്ധിപ്പിച്ചിരിക്കുകയാണ്. ജനങ്ങൾക്കായി പ്രവർത്തിച്ചതിനാണ് ആപ് നേതാക്കളെ ജയിലിൽ അടച്ചത്.

എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലടിക്കാനാണ് ശ്രമമെന്നും പിണറായി വിജയന്റെ മകളയും ഇ ഡി വേട്ടയാടുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇത് ആഘോഷിക്കാനുള്ള സമയമല്ല പോരാട്ടത്തിനുള്ള സമയമാണെന്ന് പറഞ്ഞ സഞ്ജയ് സിംഗ് വിപ്ലവഗാനം പാടി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി.

അതെ സമയം ഡൽഹി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. അഴിമതിയുടെ സൂത്രധാരൻ അരവിന്ദ് കെജ്‌രിവാളാണെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. സഞ്ജയ്‌ സിംഗ് എംപിക്ക് ഇതേ കേസിൽ ജാമ്യം നൽകിയത് ഏറെ പ്രതീക്ഷയോടെയാണ് ആം ആദ്മി കാണുന്നത്.

മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ചു സഞ്ജയ്‌ സിംഗ് എംപി പുറത്തു വന്ന സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ ഹരജിയിൽ ഇടക്കാല ഉത്തരവ് പുറത്തു വരുന്നത്.സുപ്രീംകോടതിയിൽ ഇ.ഡി എംപിയുടെ ജാമ്യത്തെ എതിർത്തില്ല. എന്നാൽ കെജ്‌രിവാളിന്റെ ജാമ്യത്തെ ശക്തമായി എതിർക്കുന്നുണ്ട്.അഴിമതി പണത്തിന്റെ ഗുണഭോക്താവ് ആം ആദ്മി പാർട്ടിയാണെന്നാണ് ഇഡിയുടെ വാദം.

സാക്ഷികളുടെ മൊഴിയിൽ നിന്ന് മദ്യനയം തീരുമാനിക്കുന്നതിൽ കെജ്‌രിവാൾ മുഖ്യപങ്കാളിയായിരുന്നുവെന്നും അന്വേഷണം പുതിയ ഘട്ടത്തിലാണ് എന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു വാദിച്ചു.എന്നാൽ, അപമാനിക്കാനും ദുർബലനാക്കാനുമാണ് ലോകസഭതെരഞ്ഞെടുപ്പ് സമയത്ത് ഇഡി തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് കെജ്‌രിവാൾ വാദിച്ചു. മുഖ്യമന്ത്രിയേയും ആംആദ്മിയെയും തകർക്കാനുള്ള നീക്കം ആണ് അറസ്റ്റിന് പിന്നിൽ.തെളിവുകളോ സാക്ഷിമൊഴികളോ ഉണ്ടായില്ല. അറസ്റ്റ് നടന്നപ്പോൾ വീട്ടിൽവെച്ചും ഉദ്യോഗസ്ഥർ മൊഴി എടുത്തില്ലെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിങ്വി പറഞ്ഞു. കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഈ മാസം 7ന് ജന്തർ മന്തറിൽ ആംആദ്മി ഉപവാസ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News