ചാക്കിട്ട് പിടിച്ചിട്ടും ബിജെപിക്ക് രക്ഷയില്ല; ഗുജറാത്തിലെ വിസാവദറിൽ സീറ്റ് നിലനിർത്തി എഎപി
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മുതൽ ബിജെപി പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ സി.ആർ പാട്ടീൽ വരെയുള്ള ഉന്നത നേതാക്കൾ സജീവമായി തന്നെ പ്രചാരണത്തിനിറങ്ങിയിരുന്നു
ഗോപാൽ ഇറ്റാലിയ അരവിന്ദ് കെജ്‌രിവാളിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമൊപ്പം
അഹമ്മദാബാദ്: ഗുജറാത്തിലെ വിസാവദറിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തി ആംആദ്മി പാർട്ടി(എഎപി). 17,554 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എഎപിയുടെ ഗോപാൽ ഇറ്റാലിയ വിജയിച്ചത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ടിക്കറ്റിൽ വിജയിച്ചിരുന്ന ഭൂപേന്ദ്ര ഭയാനി രാജിവെച്ച് ബിജെപിയിലേക്ക് മാറിയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.
75,942 വോട്ടുകളാണ് ഇറ്റാലിയ ഗോപാൽ നേടിയത്. ബിജെപിയുടെ കിരിത് പട്ടേലിന് 58,388 വോട്ടുകളെ നേടാനായുള്ളൂ. ഇവിടെ കോൺഗ്രസിന്റെ നിതൻ രൺപാരിയ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നേടിയത് വെറും 5501 വോട്ടുകൾ മാത്രം.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്നു. അതിലൊന്നായിരുന്നു വിസാവദാർ. എന്നാല്‍ എംഎല്‍എയെ ബിജെപി സ്വന്തം പാളയത്തിലെത്തിക്കുകയായിരുന്നു. അതിനാല്‍ അഭിമാനപ്പോരാട്ടമായിരുന്നു ബിജെപിക്ക് ഇവിടെ. വാശിയേറിയ പ്രചാരണങ്ങളായിരുന്നു ബിജെപി മണ്ഡലത്തിലുടനീളം നടത്തിയത്. എഎപിയിൽ നിന്ന് സീറ്റ് പിടിച്ചെടുക്കാനായിരുന്നു ശ്രമങ്ങളെല്ലാം. അതിന് അവർ സ്ഥാനാർഥിയായി കണ്ടെത്തിയത് മുൻ ജുനാഗഡ് ജില്ലാ പ്രസിഡന്റായ കിരിത് പട്ടേലിനെയും.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മുതൽ ബിജെപി പ്രസിഡന്റും കേന്ദ്ര ജലശക്തി മന്ത്രിയുമായ സി.ആർ പാട്ടീൽ വരെയുള്ള സംസ്ഥാനത്തെ ഉന്നത നേതാക്കൾ മണ്ഡലത്തില്‍ സജീവമായി തന്നെ പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാല്‍ താരപ്രചാരകരെയെല്ലാം തള്ളിയ വോട്ടര്‍മാര്‍, എഎപിക്ക് തന്നെ അവസരം കൊടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ബിജെപി സ്ഥാനാർഥി കിരിത് പട്ടേൽ മുന്നിട്ടുനിന്നിരുന്നങ്കിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 17,554 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.
വിജയം 36കാരനായ ഗോപാല്‍ ഇറ്റാലിയക്കും തിളക്കമുള്ളതായി. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, സൂറത്തിലെ കടർഗാം നിയമസഭാ മണ്ഡലത്തിൽ നിന്ന് അദ്ദേഹം പരാജയപ്പെട്ടിരുന്നു. ആ പരാജയത്തിന്റെ ക്ഷീണം ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെ അദ്ദേഹത്തിന് തീര്‍ക്കാനായി.പാര്‍ട്ടിയിലെ തീപ്പൊരി നേതാവ് എന്നാണ് അദ്ദേഹത്തിന്റെ വിശേഷണം. അതേസമയം ഗുജറാത്തിലെ മറ്റൊരു നിയമസഭാ മണ്ഡലമായ കഡി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റ് നിലനിര്‍ത്താനായി. രാജേന്ദ്ര ചാവ്ഡയാണ് ഇവിടെ നിന്നും വിജയിച്ചത്. ബിജെപിയിലെ കർസൻഭായ് സോളങ്കിയുടെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.