ഇന്ത്യന്‍ വാക്‌സിനുകൾ അംഗീകരിച്ചില്ലെങ്കില്‍ നിര്‍ബന്ധിത ക്വാറന്‍റൈന്‍; നിലപാട് കടുപ്പിച്ച് ഇന്ത്യ

യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തുന്നവരുടെ ക്വാറന്‍റൈന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി തിരിച്ചടി നല്‍കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം

Update: 2021-07-01 05:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഇന്ത്യയിലേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തുന്നവരുടെ ക്വാറന്‍റൈന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി തിരിച്ചടി നല്‍കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം.

കോവിഷീല്‍ഡ്, കോവാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ യൂറോപ്യന്‍ യാത്രകള്‍ക്കായി അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ യൂറോപ്യന്‍ യൂണിയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കില്ലെന്നും അവിടെ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റൈന്‍ നടപ്പാക്കാനുമാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

ജൂലൈ ഒന്നു മുതൽ യൂറോപ്യൻ യൂണിയന്‍റെ ഡിജിറ്റൽ കൊവിഡ് 19 സര്‍ട്ടിഫിക്കറ്റ് അഥവാ ഗ്രീൻ പാസ് നിലവിൽ വരാനിരിക്കേയാണ് പുതിയ നീക്കം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഇതുവഴി ക്വാറന്‍റൈനില്‍ നിന്ന് ഇളവു നല്‍കും. ഈ സര്‍ട്ടിഫിക്കറ്റിന് ഇന്ത്യയിൽ അംഗീകാരം നല്‍കണമെങ്കിൽ ഇന്ത്യൻ നിര്‍മിത വാക്സിനുകള്‍ക്കു കൂടി യൂറോപ്യൻ യൂണിയൻ അംഗീകാരം നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യം.

കോവിഷീല്‍ഡിന് യൂറോപ്യന്‍ യൂണിയന്‍ അനുമതി ലഭിക്കാനായി യൂറോപ്യന്‍ പങ്കാളിയായ അസ്ട്രസെനക വഴി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. എന്നാല്‍ ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി വ്യക്തമാക്കിയത്. കോവിഡീല്‍ഡിനെ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യൂറോപ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News