ആസിഡ് ആക്രമണ കേസിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണം: ഗൗതം ഗംഭീർ

സ്കൂളിലേക്ക് പോകുമ്പോഴാണ് 17കാരിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്

Update: 2022-12-15 05:22 GMT
Advertising

ഡൽഹി: ഡൽഹിയിൽ വിദ്യാര്‍ഥിനിക്കു നേരെ ആസി‍ഡ് ആക്രമണം നടത്തിയ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരില്‍ അതിയായ ഭയം വളർത്തിയെടുക്കണമെന്നും ഗംഭീർ ട്വീറ്റ് ചെയ്തു.

"വാക്കുകൾക്ക് ഒരു നീതിയും നൽകാൻ കഴിയില്ല. ഈ മൃഗങ്ങളിൽ അതിയായ ഭയം വളർത്തിയെടുക്കണം. സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ഒഴിച്ചയാളെ അധികൃതർ പരസ്യമായി തൂക്കിലേറ്റണം"- എന്നാണ് ഗൗതം ഗംഭീർ പ്രതികരിച്ചത്.

ദ്വാരക മേഖലയിലൂടെ സ്കൂളിലേക്ക് പോകുമ്പോഴാണ് 17കാരിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. വിദ്യാര്‍ഥിനി നടന്നുപോകുമ്പോള്‍ മാസ്ക് ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ അയല്‍വാസി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എട്ടു ശതമാനം പൊള്ളലേറ്റ പെൺകുട്ടി സഫ്ദർജങ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നൈട്രിക് ആസിഡാണ് ഒഴിച്ചതെന്നാണ് നിഗമനം. നിരോധനമുണ്ടായിട്ടും വിപണിയിൽ ആസിഡ് ലഭ്യമാകുന്നത് എങ്ങനെയാണെന്ന് ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയും ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മാലിവാളും വനിതാ സംഘടനകളും ചോദിക്കുന്നു. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയുമായി ലഫ്റ്റനന്റ് ഗവർണർ ഈ വിഷയം സംസാരിച്ചു. നിരോധനമുണ്ടായിട്ടും പ്രതികള്‍ക്ക് എങ്ങനെ ആസിഡ് വാങ്ങാന്‍ കഴിഞ്ഞെന്ന് അന്വേഷിക്കണമെന്ന് ലഫ്റ്റനന്റ് ഗവർണർ ആവശ്യപ്പെട്ടു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News