പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷവിമർശനവുമായി കമൽ ഹാസൻ

'മുസ്‌ലിം സഹോദരങ്ങൾക്ക് അവരുടെ വിശുദ്ധദിനത്തിൽ ദാരുണ വാർത്ത കേൾക്കേണ്ടി വന്നു'; കമൽ ഹാസൻ

Update: 2024-03-12 10:10 GMT
Editor : ശരത് പി | By : Web Desk
Advertising

 പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷവിമർശനവുമായി നടനും മക്കൾ നീതി മയ്യം പാർട്ടി തലവനുമായ കമൽ ഹാസൻ. നിയമം, വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ഐക്യം തകർക്കാനും, ഭിന്നിപ്പിക്കാനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

'തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൊതുജനത്തെ ഭിന്നിപ്പിക്കാനും ഇന്ത്യയുടെ ഐക്യം തകർക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ നിയമം പ്രാബല്യത്തിലാക്കിയിരിക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള വ്യഗ്രതയിലാണ്. നിയമത്തിന്റെ സാധുത സുപ്രിം കോടതി നിരീക്ഷിക്കുന്ന അവസരത്തിലാണ് നിയമം നടപ്പിലാക്കിയതെന്നത് സംശയം ജനിപ്പിക്കുന്നു'- എന്നായിരുന്നു കമൽഹാസന്റെ പ്രസ്താവന.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക.

എന്തുകൊണ്ടാണ് ശ്രീലങ്കൻ തമിഴ് വംശജരെ നിയമത്തിന്റെ പരിധിയിലുൾപ്പെടുത്താത്തതെന്നും കമൽഹാസൻ ചോദ്യമുന്നയിച്ചു.

''അടിച്ചമർത്തപെട്ട ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനാണ്  നിയമം എന്ന അവകാശവാദം ഞങ്ങൾ വിശ്വസിക്കണമെങ്കിൽ, എന്തുകൊണ്ട് സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ നിയമപരിധിയിൽ ഉൾപ്പെടുത്തിക്കൂടാ എന്നതിന് മറുപടി പറയണം. മറ്റുസംസ്ഥാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നിയമത്തിനെതിരെ തമിഴ്‌നാട് സംസ്ഥാന നിയമസഭയിൽ പ്രമേയം പാസക്കണം''- അദ്ദേഹം പറഞ്ഞു.

മുസ്‌ലിം സഹോദരങ്ങൾക്ക് അവരുടെ വിശുദ്ധമായ ദിനത്തിലാണ് ദാരുണമായ വാർത്ത കേൾക്കേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യമായി നിയമത്തെ അചഞ്ചലമായി എതിർത്തത് രംഗത്തുവന്നതും, സുപ്രിം കോടതിയിൽ നിയമത്തെ വെല്ലുവിളിച്ചതും തങ്ങളുടെ പാർട്ടിയാണ്. ബി.ജെ.പി വിഭാവനം ചെയുന്ന ഇന്ത്യ എന്ന കാഴ്ചപാടിന്റെ ഉത്തമ ഉദാഹരണമാണ് നിയമമെന്നും കമൽഹാസൻ പറഞ്ഞു.

തിങ്കളാഴ്ച നിയമത്തിനെ നിയമത്തിൽ കേന്ദ്രത്തെ വിമർശിച്ച് നടനും തമിഴക വെട്രി കഴകം പാർട്ടുയുടെ തലവനുമായ വിജയും രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് നിയമം നടപ്പിലാക്കരുതെന്ന് അദ്ദേഹം തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.

നിയമം വിവേചനപരവും തെരഞ്ഞെടുപ്പിനെ ധ്രുവീകരിക്കാനുള്ള ശ്രമവുമാണെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികളും പ്രതിഷേധിച്ചിരുന്നു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News