കഫ് സിറപ്പ് ദുരന്തത്തിന് പിന്നാലെ വീണ്ടും ആശങ്ക; മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ കുട്ടികൾക്ക് നൽകിയ മരുന്നിൽ പുഴു

വിവിധ അണുബാധകൾക്കായി കുട്ടികൾക്ക് നൽകുന്നതാണ് മധ്യപ്രദേശ് ആസ്ഥാനമായ കമ്പനി നിർമിക്കുന്ന ഈ ജനറിക് മരുന്ന്.

Update: 2025-10-16 15:11 GMT

Photo| Special Arrangement

ഭോപ്പാൽ: കഫ് സിറപ്പ് ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുമ്പേ മധ്യപ്രദേശിൽ വീണ്ടും ആശങ്കയേറ്റി മരുന്നിൽ പുഴു. സർക്കാർ ആശുപത്രിയിൽ വിതരണം ചെയ്ത മരുന്നിലാണ് പുഴു കണ്ടെത്തിയത്. ഗ്വാളിയോർ ജില്ലയിലെ മൊറാർ ടൗണിലെ സർക്കാർ ആശുപത്രിയിൽ നിന്ന് ലഭിച്ച മരുന്നിലാണ് പുഴുക്കളെ കണ്ടെത്തിയത്. കുട്ടികൾക്കു നൽകിയ അസിത്രോമൈസിൻ ആന്റിബയോട്ടിക് മരുന്നിലാണ് പുഴുവിനെ കണ്ടെത്തിയത്.

മരുന്ന് ലഭിച്ച ഒരു കുട്ടിയുടെ മാതാവ് പരാതി നൽകിയതോടെ അസിത്രോമൈസിൻ ആന്റിബയോട്ടിക്കിന്റെ മുഴുവൻ സ്റ്റോക്കും സീൽ ചെയ്തതായും സാമ്പിളുകൾ പരിശോധനയ്ക്കായി ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചതായും അധികൃതർ അറിയിച്ചു. വിവിധ അണുബാധകൾക്കായി കുട്ടികൾക്ക് നൽകുന്നതാണ് മധ്യപ്രദേശ് ആസ്ഥാനമായ കമ്പനി നിർമിക്കുന്ന ഈ ജനറിക് മരുന്ന്.

Advertising
Advertising

'മൊറാറിലെ സർക്കാർ ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങിയ ഒരു സ്ത്രീ അസിത്രോമൈസിൻ ഓറൽ സസ്പെൻഷന്റെ കുപ്പിയിൽ പുഴുക്കളുണ്ടെന്ന് പരാതിപ്പെട്ടു. ഉടൻ തന്നെ ഇക്കാര്യം ഞങ്ങൾ അന്വേഷിച്ചു. മൊറാറിലെ ആശുപത്രിയിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഈ മരുന്നിന്റെ 306 കുപ്പികളും തിരിച്ചുവിളിച്ച് സീൽ ചെയ്തു'- ഡ്ര​ഗ് ഇൻസ്പെക്ടർ അരുന്ധതി ശർമ പറഞ്ഞു.

പ്രാഥമിക പരിശോധനയിൽ മരുന്നുകുപ്പികളിൽ പുഴുക്കളുണ്ടെന്നതിന്റെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നും എങ്കിലും പരിശോധന അനിവാര്യമാണെന്നും അവർ വ്യക്തമാക്കി. കുറച്ച് ബോട്ടിലുകൾ ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചതു കൂടാതെ മരുന്നിന്റെ സാമ്പിൾ കൊൽക്കത്തയിലെ ലബോറട്ടറിയിലേക്കും അയയ്ക്കുമെന്നും അരുന്ധതി ശർമ അറിയിച്ചു.

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ മായം ചേർത്ത കോൾഡ്റിഫ് കഫ് സിറപ്പ് കഴിച്ചതുമൂലം വൃക്ക തകരാറിലായി 25 കുട്ടികളാണ് മരിച്ചത്. നിരവധി കുട്ടികൾ ചികിത്സയിലാണ്. ദുരന്തത്തെ തുടർന്ന് മധ്യപ്രദേശിനെ കൂടാതെ പഞ്ചാബ്, യുപി, കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ കോൾഡ് റിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും നിരോധിച്ചു.

നിലവാരമില്ലാത്ത കഫ് സിറപ്പുകളായ കോൾഡ്റിഫ്, റെസ്പിഫ്രഷ് ടിആർ, റീലൈഫ് എന്നിവയ്ക്കെിതിരെ ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. കോൾഡ്റിഫ് മരുന്ന് കഴിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് കൂടുതലും മരിച്ചത്.

കഫ് സിറപ്പ് കഴിച്ചുള്ള മരണത്തിൽ രാജ്യവ്യാപകമായി അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിൽ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന പുരോഗമിക്കുകയാണ്. തുടക്കത്തിൽതന്നെ വേണ്ട നടപടികളോ പരിശോധനയോ ഉണ്ടാവാത്തതാണ് മരണസംഖ്യ കൂടാൻ കാരണമെന്ന ആരോപണം ശക്തമാണ്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News