രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മൂടി

വിദ്വേഷ പ്രസംഗങ്ങൾകൊണ്ട് കുപ്രസിദ്ധി നേടിയ ബി.ജെ.പി നേതാവ് രാജാ സിങ് ആണ് രാമനവമി ഘോഷയാത്ര നയിക്കുന്നത്.

Update: 2024-04-16 05:55 GMT
Advertising

ഹൈദരാബാദ്: രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മറയ്ക്കുന്നു. സിദ്ദ്യാംബർ ബസാർ പള്ളിയാണ് തുണികൊണ്ട് മൂടിയത്. രാവിലെ ഒമ്പതിന് സീതാരാംബാഗ് ക്ഷേത്രത്തിൽനിന്ന് തുടങ്ങുന്ന ഘോഷയാത്ര വൈകീട്ട് ഏഴിന് ഹനുമാൻ വ്യാംശാലയിൽ സമാപിക്കും. മംഗൽഹാത്, ധൂൽപേട്ട്, ബീഗം ബസാർ, സിദ്ധ്യംബർ ബസാർ, ഗൗളിഗുഡ, പുട്‌ലി ബൗളി, കൊട്ടി എന്നിവിടങ്ങളിലൂടെയാണ് ഘോഷയാത്ര കടന്നുപോകുന്നത്.

റാലിക്കിടെയുള്ള അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെട്ടുത്തിയിട്ടുള്ളത്. കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സ്, റാപിഡ് ആക്ഷൻ ഫോഴ്‌സ്, സിറ്റി ആംഡ് റിസർവ് പൊലീസ്, ടിയർ ഗ്യാസ് യൂണിറ്റ്, അശ്വാരൂഢസേന, ലോക്കൽ പോലീസ് അടക്കം 1800 ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമെ വിവിധ പ്രദേശങ്ങളിൽ കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്.

യാത്രയുടെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഘോഷയാത്രാ കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തി. കെട്ടിടങ്ങൾക്ക് മുകളിലും വിവിധ ചെക്ക് പോയിന്റുകളിലും പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളിലും പൊലീസ് കർശന നിരീക്ഷണം നടത്തുമെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് അഷ്‌വാഖ് പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങൾകൊണ്ട് കുപ്രസിദ്ധി നേടിയ ബി.ജെ.പി നേതാവ് രാജാ സിങ് ആണ് രാമനവമി ഘോഷയാത്ര നയിക്കുന്നത്. യാത്രയുടെ ഒരുക്കങ്ങൾക്കായി അടുത്തിടെ അദ്ദേഹം വളണ്ടിയർ മീറ്റിങ് വിളിച്ചിരുന്നു. ഘോഷയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ കൂടുതൽ പള്ളികളും ദർഗകളും തുണികൊണ്ട് മറച്ചേക്കുമെന്നാണ് സൂചന.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News