അഹമ്മദാബാദ് വിമാനാപകടം; 'നിഗമനങ്ങളിലേക്ക് എത്താൻ അന്താരാഷ്ട്ര മാധ്യമങ്ങൾ ശ്രമിക്കുന്നു'; വാൾസ്ട്രീറ്റ് ജേണലിനെതിരെ എഎഐബി

യഥാർഥ കാരണങ്ങൾ വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് പുറത്തുവരുമെന്നും അതുവരെ എല്ലാവരും കാത്തിരിക്കണമെന്നും ബ്യൂറോ വ്യക്തമാക്കി

Update: 2025-07-17 15:22 GMT

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ പൈലറ്റുമാരെ സംശയ നിഴലിലാക്കുന്ന വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനെതിരെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. വിമാനാപകടത്തെ സംബന്ധിച്ച് നിഗമനങ്ങളിലേക്ക് എത്താൻ അന്താരാഷ്ട്ര മാധ്യമങ്ങൾ തുടർച്ചയായി ശ്രമിക്കുന്നുവെന്നാണ് എഎഐബിയുടെ വിമർശനം. വിമാന അപകടവുമായി ബന്ധപ്പെട്ട് പ്രത്യേക താൽപര്യത്തോടെ സ്ഥിരീകരിക്കാത്ത വാർത്തകൾ നൽകുന്ന ചില അന്താരാഷ്ട്ര മാധ്യമങ്ങൾക്കെതിരെയാണ് പ്രസ്താവനയെന്ന് എഎഐബി വ്യക്തമാക്കുന്നു.

അന്വേഷണം നടന്നുകൊണ്ടിരിക്കെ വരുന്ന ഇത്തരം റിപ്പോർട്ടുകൾ നിരുത്തരവാദപരമാണെന്നും എഎഐബി അഭിപ്രായപ്പെട്ടു. വിമാനാപകടത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ല. പ്രാഥമിക റിപ്പോർട്ട് എന്താണ് സംഭവിച്ചതെന്ന് മാത്രമാണ് പറയുന്നത്. അന്തിമമായ നിഗമനത്തിലേക്ക് ഇപ്പോൾ എത്തിച്ചേരാൻ കഴിയില്ലെന്നും യഥാർഥ കാരണങ്ങൾ വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് പുറത്തുവരുമെന്നും അതുവരെ എല്ലാവരും കാത്തിരിക്കണമെന്നും ബ്യൂറോ വ്യക്തമാക്കി.

Advertising
Advertising

എഎഐബിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ വിമർശിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. വിമാനത്തിന്റെ എഞ്ചിൻ സ്വമേധയാ ഷട്ട്ഡൗൺ ആവാൻ സാധ്യതയുള്ള രണ്ട് സാങ്കേതിക കാരണങ്ങൾ എഎഐബി പ്രാഥമിക അന്വേഷണത്തിൽ പരിഗണിച്ചില്ലെന്ന് എഫ്‌ഐപി ആരോപിക്കുന്നു. വിഷയത്തിൽ കൂടുതൽ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നും എഫ്‌ഐപി ആവശ്യപ്പെട്ടിരുന്നു.

ഇന്ധന സ്വിച്ച് സംവിധാനം ഓഫ് ചെയ്തത് പൈലറ്റ് എന്ന് സംശയിക്കുന്നതായാണ് വാൾസ്ട്രീറ്റിന്റെ റിപ്പോർട്ട്. വിമാനം തകർന്നുവീഴുന്നതിന് മുൻപ് കോക്പിറ്റിൽ നടന്ന സംഭാഷണത്തിൻറെ ശബ്ദരേഖ ബ്ലാക്‌ബോക്‌സ് പരിശോധനയിലൂടെ നേരത്തെ ലഭ്യമായിരുന്നു. പൈലറ്റുമാരുടെ സംഭാഷണവും പുറത്ത് വന്നിരുന്നു. എന്തിനാണ് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാക്കിയതെന്ന് പൈലറ്റ് സഹ പൈലറ്റിനോട് ചോദിക്കുന്നുണ്ട്. താൻ ഓഫാക്കിയിട്ടില്ലെന്നായിരുന്നു സഹപൈലറ്റിൻറെ മറുപടി. വിമാനം പക്ഷിയെ ഇടിച്ചിട്ടില്ലെന്നും കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നുമായിരുന്നു എയർക്രാഫ്റ്റ് ആക്‌സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

ഇത് ആര് ആരോട് പറഞ്ഞു എന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദർ ക്യാപ്റ്റനായ സുമീത് സഭർവാളിനോടാണ് എന്തിനാണ് ഫ്യുവൽസ്വിച്ചുകൾ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിലുള്ളത്.

15,638 മണിക്കൂർ വിമാനം പറത്തി പ്രവൃത്തിപരിചയമുള്ള പൈലറ്റായിരുന്നു ക്യാപ്റ്റൻ സുമീത് സഭർവാൾ. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറിന് 3,403 മണിക്കൂർ വിമാനം പറത്തിയ പരിചയവുമുണ്ട്. വിമാനം റൺവേയിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ കൂടുതൽ പ്രവൃത്തിപരിചയമുള്ള വിമാനത്തിലെ ക്യാപ്റ്റനോട് ഫസ്റ്റ് ഓഫീസറാണ് എന്തുകൊണ്ടാണ് താങ്കൾ ഫ്യുവൽ സ്വിച്ച് കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News