ഡീപ് ഫേക്ക് വിഡിയോകൾ നിർമ്മിക്കാം; മെറ്റ പ്ലാറ്റ്‌ഫോമുകളിൽ പരസ്യം ചെയ്ത എഐ കമ്പനികൾ
പരസ്പരം കണ്ടിട്ട് പോലുമില്ലാത്ത രണ്ട് വ്യക്തികളുടെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് വിഡിയോകൾ നിർമ്മിക്കാൻ ആപ്പുകൾ വഴി സാധിക്കും
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകൾ ഉപയോഗിച്ചുള്ള ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നതിനിടെ മെറ്റ പ്ലാറ്റ്‌ഫോമുകളിൽ പരസ്യം ചെയ്ത് എഐ കമ്പനികൾ. ആളുകൾ പരസ്പരം ചുംബിക്കുന്ന വീഡിയോ നിർമ്മിക്കാം, ആളുകളുടെ വസ്ത്രങ്ങൾ ഇല്ലാതാക്കുന്ന വീഡിയോ നിർമ്മിക്കാം തുടങ്ങിയ പേരുകളിലാണ് കമ്പനികളുടെ പരസ്യം. അടുത്തിടെ നടി പൂനം പാണ്ഡെയും യൂട്യൂബർ സമയ് റെയ്‌നയും ചുംബിക്കുന്ന ഡീപ് ഫേക്ക് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
ഡീപ് ഫേക്ക് എഐ വിഡിയോകൾ ഉണ്ടാക്കുന്നത് എളുപ്പമാക്കുക, ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരസ്യമാണ്. എഡിറ്റിംഗിനെക്കുറിച്ച് ധാരണയില്ലാത്തവർക്ക് പോലും ചെയ്യാൻ പറ്റുന്നയത്ര എളുപ്പത്തിലാണ് ആപ്പുകൾ ഉണ്ടാക്കിയിരിക്കുന്നത്.
സെലിബ്രറ്റീസാണ് ഇത്തരം വിഡിയോകൾക്ക് മിക്കപ്പോഴും ഇരയാവുന്നത്. അടുത്തിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ചുംബിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഐ വിഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
പരസ്പരം കണ്ടിട്ട് പോലുമില്ലാത്ത രണ്ട് വ്യക്തികളുടെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് വിഡിയോകൾ നിർമ്മിക്കാൻ ഇതുവഴി സാധിക്കും. ഈ വീഡിയോകൾ ആളുകളിൽ പിന്നീട് പണം തട്ടാനോ ബ്ലാക്ക് മെയിൽ ചെയ്യാനോ ഉപയോഗിക്കാറുണ്ട്. സെലിബ്രിറ്റികളെക്കുറിച്ചുള്ള വാർത്തകൾ പങ്കിടുന്ന ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പേജുകളാണ് ഈ ചിത്രങ്ങൾ ആദ്യം പങ്കിടുന്നത്. വ്യാപകമായി പിന്നീട് ഇത് ഷെയർ ചെയ്യപ്പെടാറുണ്ട്. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡുകൾ ലംഘിക്കാത്തതിനാൽ ഇത്തരം വിഡിയോകൾ പിൻവലിക്കപ്പെടാറില്ല.