ബംഗളൂരു: ഐ ഫോണിന്‍റെ പുതിയ സീരിസ് വിപണിയിലെത്തിയാല്‍ അത് വാങ്ങാന്‍ ഷോറൂമിന് മുന്നില്‍ പുലര്‍ച്ചെ മുതല്‍ ക്യൂ നില്‍ക്കുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്.ഡല്‍ഹിയിലും മുംബൈയിലുമെല്ലാം ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ തിക്കും തിരക്കും എന്തിനേറെ ലാത്തിച്ചാര്‍ജും വരെ നടന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കർണാടകയില്‍ നിന്നുള്ള ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ (കെഎസ്ഐസി) ഷോറൂമിന് മുന്നില്‍ പുലര്‍ച്ചെ നാലുമണിമുതല്‍ സ്ത്രീകള്‍ ക്യൂ നില്‍ക്കുന്ന വിഡിയോയായിരുന്നു അത്.
അതി രാവിലെ ആയിരുന്നിട്ടും, 23,000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ വിലയുള്ള സാരികൾ സ്വന്തമാക്കാൻ സ്ത്രീകള്‍ മണിക്കൂറുകളോളം ക്ഷമയോടെ കാത്തിരിക്കുന്ന ആ വിഡിയോക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ നാലുമണി മുതല്‍ അത്രയും അച്ചടക്കത്തോടെ,യാതൊരു തിക്കും തിരക്കും കൂട്ടാതെ സ്ത്രീകള്‍ ക്യൂ നിന്ന് വാങ്ങാന്‍ മാത്രം എന്താണ് ആ സാരിക്ക് പ്രത്യേകത..?
ആഗോള പ്രശസ്തമായ മൈസൂര്‍ സാരി
ഭൗമസൂചികാ പദവിയുള്ള ജ്യോഗ്രഫിക്കൽ ഇൻഡിഗേഷൻ ടാഗ് മൈസൂർ സാരി ആഗോള പ്രശസ്തമാണ്.ഏറെ ഡിമാൻഡ് ഉണ്ടെങ്കിലും വിപണിയിൽ ഇറങ്ങുന്നത് വളരെ കുറവാണ്. അതുകൊണ്ട് തന്നെ ടോക്കൺ നൽകിയാണ് സാരി വിൽപ്പന.അതും ഒരാൾക്ക് ഒരെണ്ണം മാത്രമാണ് വാങ്ങാനായി കഴിയുക.ശുദ്ധമായ മൾബറി പട്ടുനൂലിൽ നിന്നാണ് ഈ സാരി നിർമ്മിക്കുന്നത്. ബോർഡറിലും മുന്താണിയിലും ഉപയോഗിക്കുന്നത് യഥാര്‍ഥ സ്വര്‍ണം,വെള്ളി നൂലുകള്‍ ഉപയോഗിച്ചാണ്. വർഷങ്ങളോളം ഉപയോഗിച്ചാലും ഇവയുടെ തിളക്കവും മൃദുത്വവും നഷ്ടപ്പെടില്ല.
കെഎസ്‌ഐസി പരിശീലനം ലഭിച്ച നെയ്ത്തുകാരുടെയും കരകൗശല വിദഗ്ധരുടെയും എണ്ണം കുറവായതാണ് സാരിയുടെ ഉത്പാദനം കുറയാന്‍ കാരണമെന്നാണ് പറയുന്നത്. പുതിയ തൊഴിലാളികളെ പരിശീലിപ്പിക്കാന്‍ ഏകദേശം ആറ് മുതൽ ഏഴ് മാസം വരെ എടുക്കും.ഇത് സാരിയുടെ ഡിമാന്‍റ് കൂട്ടുകയും ചെയ്യുന്നു. സാരി വാങ്ങാനായി എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാണ് കെഎസ്‌ഐസി കർശനമായ നിയമങ്ങൾ നടപ്പിലാക്കിയത്.ടോക്കൺ ലഭിക്കുന്നവർക്ക് മാത്രമേ ഷോറൂമിൽ പ്രവേശനം അനുവദിക്കൂ. കൂടാതെ, ഓരോ ഉപഭോക്താവിനും ഒരു സാരി മാത്രമേ വാങ്ങാൻ കഴിയൂ,
വിവാഹ സീസണിലും വരലക്ഷ്മി പൂജ, ഗൗരി ഗണേശ, ദീപാവലി തുടങ്ങിയ ഉത്സവ കാലങ്ങളിലും സീസണൽ ഡിമാൻഡ് ഉയരും.പലപ്പോഴും ഷോറൂമുകൾ മണിക്കൂറുകൾക്കുള്ളിൽ സാരികള്‍ വിറ്റു തീരുകയും ചെയ്യും.
സാരികൾക്കായി ആളുകൾ വരിനിൽക്കുന്ന വീഡിയോ വൈറലാകുന്നത് ഇതാദ്യമല്ല; മുമ്പും സമാനമായ വീഡിയോകൾ വൈറലായിട്ടുണ്ട്. 'കർണാടക സോവിയറ്റ് (ക്ഷമിക്കണം സിൽക്ക്) ഇൻഡസ്ട്രീസ് കോർപ്പറേഷൻ ഷോറൂമിന് പുറത്ത് പുലർച്ചെ 4.00 മുതൽ സ്ത്രീകൾ 23,000 രൂപ മുതൽ 250,000 രൂപ വരെ വിലയുള്ള സിൽക്ക് സാരികൾ വാങ്ങാൻ ക്യൂ നിൽക്കുന്നു. ഒരു ഉപഭോക്താവിന് ഒരു സാരി മാത്രം മതി, ക്യൂവിൽ നിൽക്കാൻ നിങ്ങൾക്ക് ടോക്കൺ ആവശ്യമാണ്." എന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ ദിവസം വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.