എഐ വ്യാജ വാര്‍ത്തകള്‍ ജനാധിപത്യ പ്രക്രിയക്ക് ഭീഷണി; നിയമം കര്‍ശനമാക്കണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി

ബിജെപി എംപി നിഷികാന്ത് ദുബേയുടെ നേതൃത്തിലുള്ള സ്റ്റാന്‍ന്റിങ് കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്

Update: 2025-09-15 13:03 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി : എഐ ഉപയോഗിച്ചുള്ള വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്നും കമ്മിറ്റി കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. ബിജെപി എംപി നിഷികാന്ത് ദുബേയുടെ നേതൃത്തിലുള്ള സ്റ്റാന്‍ന്റിങ് കമ്മിറ്റി തയ്യാറാക്കിയ ഡ്രാഫ്റ്റ് റിപ്പോര്‍ട്ടിലാണ് നിര്‍ദേശമുള്ളത്.

വ്യാജ വാര്‍ത്തകള്‍ ജനാധിപത്യ പ്രക്രിയക്ക് ഭീഷണിയാണെന്നും ശിക്ഷാവ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്നും പിഴ വര്‍ധിപ്പിക്കണമെന്നും പാനല്‍ ശിപാര്‍ശ ചെയ്തു. തെറ്റായ വിവരങ്ങള്‍ക്കെതിരെ പോരാടുന്നതിനൊപ്പം ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യവും അവകാശങ്ങളും നിലനിര്‍ത്തിക്കൊണ്ട് നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. 

Advertising
Advertising

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ദുബേ പറഞ്ഞു. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.എല്ലാ ഡിജിറ്റല്‍, പ്രിന്റ് മീഡിയാ സ്ഥാപനങ്ങളിലും ഫാക്ട് ചെക്കിംങ് സംവിധാനങ്ങള്‍ ആവശ്യമാണെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയെും തിരിച്ചറിയുന്നതിനും നിയമപരവും സാങ്കേതികവുമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംങ് മന്ത്രാലയവും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും മറ്റ് മന്ത്രാലയവും വകുപ്പുകളും തമ്മില്‍ ഏകോപനം നടത്തണമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. ഡീപ്‌ഫേക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഒമ്പതംഗ പാനലിനെ രൂപീകരിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News