യു.പിയില്‍ എം.ഐ.എം 100 സീറ്റില്‍ മത്സരിക്കും; കൈകോര്‍ക്കുന്നത് മുൻ ബി.ജെ.പി സഖ്യകക്ഷിയുമായി

സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തുടങ്ങിയതായി പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീൻ ഉവൈസി പറഞ്ഞു.

Update: 2021-06-27 14:06 GMT
Advertising

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അസദുദ്ദീൻ ഉവൈസിയുടെ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ (എ.ഐ.എം.ഐ.എം) പാർട്ടി 100 സീറ്റില്‍ മത്സരിക്കും. ഓം പ്രകാശ്​ രാജ്​ഭറിന്‍റെ ഭാഗിദാരി സങ്കൽപ്​ മോർച്ച (ബി.എസ്​.എം) ഒഴികെ മറ്റൊരു പാർട്ടിയുമായും സഖ്യമില്ലെന്നും എ.ഐ.എം.ഐ.എം അധ്യക്ഷനായ ഉവൈസി വ്യക്തമാക്കി. 

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്​ എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചയാളാണ്​​ ഒ.പി.രാജ്​ഭർ. ബഹുജൻ സമാജ്​ പാർട്ടി (ബി.എസ്​.പി) അധ്യക്ഷ മായാവതി എ.ഐ.എം.ഐ.എമ്മുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ഉവൈസി നിലപാട് വ്യക്തമാക്കിയത്. 

സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തുടങ്ങിയതായും ഉവൈസി പറഞ്ഞു. സംസ്ഥാനത്തെ മുസ്​ലിം ഭൂരിപക്ഷ മേഖലകളിലെല്ലാം സ്ഥാനാർഥികളെ നിർത്തുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഷൗക്കത്ത്​ അലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എ.ഐ.എം.ഐ.എം ആദ്യമായാണ്​ ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിക്കും മാർച്ചിനുമിടയിലാകും യു.പിയിലെ 403 സീറ്റുകളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 2022 മാർച്ച 14 വരെയാണ്​ നിലവിലെ നിയമസഭയുടെ കാലാവധി.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News