തെലങ്കാനയിൽ രണ്ട് സിറ്റിങ് സീറ്റുകളിൽ എ.ഐ.എം.ഐ.എമ്മിന് ജയം; നാലിടത്ത് മുന്നിൽ

കർവാൻ മണ്ഡലത്തിൽ എ.എ.എം.ഐ.എമ്മിന്റെ കൗസർ മൊഹിയുദ്ദീനെ പിന്തള്ളി ബി.ജെ.പിയുടെ അമർ സിങ്ങാണ് ലീഡ് ചെയ്യുന്നത്.

Update: 2023-12-03 10:58 GMT
Advertising

ഹൈദരാബാദ്: തെലങ്കാനയിൽ അസസുദ്ദീൻ ഉവൈസി എം.പിയുടെ പാർട്ടിയായ എ.ഐ.എം.ഐ.എമ്മിന് രണ്ട് സീറ്റുകളിൽ ജയം. സിറ്റിങ് സീറ്റുകളായ ചന്ദ്രയങ്കുട്ട, ചാർമിനാർ മണ്ഡ‍ലങ്ങളിലാണ് പാർട്ടി സ്ഥാനാർഥികൾ വിജയച്ചത്. ഏഴ് സിറ്റിങ് സീറ്റുകളിൽ നാലിടത്ത് എ.ഐ.എം.ഐ.എമ്മും ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുകയാണ്.

ചന്ദ്രയങ്കുട്ട മണ്ഡലത്തിൽ ഉവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഉവൈസിയും ചാർമിനാറിൽ നിന്ന് മിർ സുൽഫിക്കർ അലിയുമാണ് ജയിച്ചത്. ബഹാദുർപുര (മുഹമ്മദ് മുബീൻ), മലക്‌പേട്ട് (അഹ്മദ് ബിൻ അബ്ദുല്ല ബലാല), യാകുത്പുര (ജാഫർ ഹുസൈൻ), നമ്പള്ളി (മുഹമ്മദ് മാജിദ് ഹുസൈൻ) എന്നീ മണ്ഡലങ്ങളിലാണ് പാർട്ടി മുന്നിട്ടുനിൽക്കുന്നത്.

കർവാൻ മണ്ഡലത്തിൽ എ.എ.എം.ഐ.എമ്മിന്റെ കൗസർ മൊഹിയുദ്ദീനെ പിന്തള്ളി ബി.ജെ.പിയുടെ അമർ സിങ്ങാണ് ലീഡ് ചെയ്യുന്നത്. ഇത്തവണ സംസ്ഥാനത്തെ ഒമ്പത് സീറ്റുകളിലാണ് എ.എ.എം.ഐ.എം ജനവിധി തേടിയത്.

ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) സ്ഥാനാർഥിയായ ജാഫർ ഹുസൈനും മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എം.ബി.ടി) സ്ഥാനാർഥി അംജെദ് ഉള്ളാ ഖാനും തമ്മിലുള്ള ഇ‍ഞ്ചോടിഞ്ച് പോരാട്ടത്തിനാണ് യാകുത്പുര വേദിയാകുന്നത്.

അതേസമയം, തെലങ്കാന സംസ്ഥാനം രൂപീകരിച്ചതുമുതൽ അധികാരത്തിലുള്ള കെ. ചന്ദ്രശേഖര റാവുവിനെ മലർത്തിയടിച്ച് ഇത്തവണ കോൺ​ഗ്രസ് വിജയഭേരിക്കാണ് തെലു​ഗുദേശം സാക്ഷിയായത്. 64 സീറ്റുകളിൽ കോൺ​ഗ്രസ് മുന്നേറുമ്പോൾ 40 സീറ്റുകളിൽ മാത്രമാണ് കെ.സി.ആറിന്റെ ബിആർസിന് ലീഡുള്ളത്. ബിജെപി ഒമ്പതിടത്തും ലീഡ് ചെയ്യുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News