അല്ലു അര്‍ജുനെ കാണാന്‍ ആള് കൂടി; പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ മരിച്ചു

രണ്ടുപേർക്ക് ​ഗുരുതര പരിക്കേറ്റിട്ടുണ്ട്

Update: 2024-12-05 01:23 GMT

ഹൈദാരാബാദ്: ഹൈദരാബാദിൽ അല്ലു അർജുൻ നായകനായ പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. ദിൽസുഖ് നഗറിലെ രേവതിയാണ്(39) മരിച്ചത്.

ആര്‍ടിസി ക്രോസ് റോഡിലുള്ള സന്ധ്യാ തിയറ്ററില്‍ ഇന്നലെ രാത്രി 10.30ഓടെയാണ് അപകടം. തിയറ്ററിൽ പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാനാണ് വലിയ ഉന്തും തള്ളുമുണ്ടായത്. റിലീസിന് മുന്നോടിയായി തിയറ്ററിന് മുന്നിൽ പൊലീസും ആരാധകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തിവീശി.

Advertising
Advertising

 ഭര്‍ത്താവ് ഭാസ്കറിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് യുവതി സിനിമ കാണാനെത്തിയത്. അല്ലു അര്‍ജുനെ കാണാന്‍ ആളുകള്‍ ഉന്തും തള്ളുമുണ്ടാക്കിയതോടെ രേവതയും മകനും ഇതിനിടയില്‍ പെടുകയായിരുന്നു. പൊലീസും അടുത്തുണ്ടായിരുന്നവരും ഉടന്‍ തന്നെ യുവതിക്കും മകനും സിപിആര്‍ നല്‍കുകയും തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. മകനെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രേവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. അല്ലു അർജുൻ വേദിയിൽ എത്തിയെന്ന വാർത്ത പരന്നതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. പൊലീസ് തിയറ്ററിന്‍റെ ഗേറ്റുകള്‍ അടച്ചെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല.

ലോകമെമ്പാടുമായി 12,000 സ്ക്രീനുകളിലൂടെയാണ് ചിത്രം ഇന്ന് പ്രേക്ഷകരിലേക്കെത്തിയത്. പുലർച്ചെ നാല് മണിക്കായിരുന്നു ആദ്യഷോ. പുഷ്പരാജിന്‍റെ രണ്ടാം വരവിനായി ഏറെ ആവേശത്തിലായിരുന്നു അല്ലു ആരാധകര്‍. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News