അഞ്ചുവർഷം കൊണ്ട് സ്വത്തില്‍ ഇരട്ടി വളര്‍ച്ച; 65 കോടി കടന്ന് ഭാര്യയ്‍ക്കൊപ്പമുള്ള ആസ്തി; അമിത് ഷായുടെ സ്വത്തുവിവരങ്ങൾ പുറത്ത്

കൃഷിയും സാമൂഹിക പ്രവര്‍ത്തനവുമാണ് തൊഴിലായി അമിത് ഷാ വെളിപ്പെടുത്തിയിരിക്കുന്നത്

Update: 2024-04-21 10:21 GMT
Editor : Shaheer | By : Web Desk

അമിത് ഷാ

Advertising

അഹ്‌മദാബാദ്: നാമനിർദേശപത്രിക സമർപ്പിച്ചതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വത്തുവിവരങ്ങൾ പുറത്ത്. അഞ്ചു വർഷം കൊണ്ട് അമിത് ഷായുടെ സ്വത്ത് ഇരട്ടിയായി കുത്തനെ വളര്‍ന്നതായാണു കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ 36 കോടി രൂപയുടെ സ്വത്തുവകകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാൽ, സ്വന്തമായി ഒറ്റ കാറുമില്ലെന്നും അമിത് ഷാ വെളിപ്പെടുത്തിയ വിവരങ്ങളിൽ അവകാശപ്പെടുന്നു.

ഗുജറാത്തിലെ ഗാന്ധിനഗറിലെ സിറ്റിങ് സീറ്റിൽ സ്ഥാനാർഥിയായാണ് അമിത് ഷാ നാമനിർദേശപത്രിക സമർപ്പിച്ചത്. 20 കോടി രൂപയുടെ ജംഗമ വസ്തുക്കളും 16 കോടിയുടെ സ്ഥാവര വസ്തുക്കളുമാണു സ്വത്തുവിവരങ്ങളിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം 72 ലക്ഷം രൂപയുടെ ആഭരണങ്ങളും സമ്പാദ്യത്തിലുണ്ട്. കൈയിൽ 24,000 രൂപയാണ് പണമായുള്ളത്.

ഭാര്യ സോനൽ ഷായുടെ ആസ്തി 31 കോടി രൂപയാണ്. 22.46 കോടിയുടെ ജംഗമ വസ്തുക്കളും ഒൻപത് കോടിയുടെ സ്ഥാവര വസ്തുക്കളുമാണ് ഇതിലുള്ളത്. ഇതോടൊപ്പം 1.10 കോടി രൂപയുടെ ആഭരണങ്ങളുമുണ്ട്. രണ്ടുപേർക്കുമായി ആകെ 65.67 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണു സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

2019ൽ ഇത് 30.49 കോടി രൂപയായിരുന്നു. അഞ്ചു വർഷം കൊണ്ട് ഇരട്ടിയിലേറെയാണു രണ്ടുപേരുടെയും സമ്പാദ്യത്തിലുണ്ടായ വളർച്ച. 2022-23 സാമ്പത്തിക വർഷത്തിൽ 75.09 ലക്ഷം രൂപയാണ് അമിത് ഷായുടെ വരുമാനം. ഭാര്യയുടേത് 39.54 ലക്ഷം രൂപയും. എം.പിയായുള്ള ശമ്പളത്തിനു പുറമെ സ്വത്തുവകകളിൽനിന്നുള്ള വാടകയിനത്തിലും കാർഷികവിളകളിൽനിന്നും ഓഹരിനിക്ഷേപങ്ങളിൽനിന്നുമെല്ലാമായാണ് ഇത്രയും തുകയുടെ വരുമാനമെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.

കർഷകനും സാമൂഹിക പ്രവർത്തകനുമാണെന്നാണു തൊഴില്‍ കോളത്തില്‍ അമിത് ഷാ ചേര്‍ത്തിരിക്കുന്നത്. മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുള്ളതായും വെളിപ്പെടുത്തിയിട്ടുണ്ട്.

1997 മുതൽ 2007 വരെ തുടർച്ചയായി നാലു തവണ അഹ്‌മദാബാദിലെ സർഖേജിൽനിന്നും 2012ൽ നരൻപുരയിൽനിന്നും ഗുജറാത്ത് നിയമസഭയിലെത്തിയ അമിത് ഷാ 2014ൽ ബി.ജെ.പി ദേശീയ അധ്യക്ഷനാകുകയും നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരമേൽക്കുകയും ചെയ്തതോടെയാണ് ദേശീയരാഷ്ട്രീയത്തിലേക്കു സജീവമായി കളംമാറ്റിച്ചവിട്ടുന്നത്. 2019ൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയുടെ തട്ടകമായ ഗാന്ധിനഗറിൽനിന്ന് ലോക്‌സഭയിലേക്ക് അങ്കംകുറിക്കുകയും വമ്പൻ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1998 മുതൽ അഞ്ചു തവണ തുടർച്ചയായി അദ്വാനിയെ പാർലമെന്റിലേക്ക് അയച്ച മണ്ഡലമാണ് ഗാന്ധിനഗർ. ഏറ്റവുമൊടുവിൽ 2014ൽ നരേന്ദ്ര മോദിയുടെ ഒന്നാമൂഴത്തിൽ 4,83,121 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനായിരുന്നു തലമുതിർന്ന ബി.ജെ.പി നേതാവിന്റെ വിജയം. 2019ൽ അദ്വാനിയെ മാറ്റി അമിത് ഷായെ ഗാന്ധിനഗറിൽ ഇറക്കി ബി.ജെ.പി. അദ്വാനിയുടെ ഭൂരിപക്ഷത്തിൽ ഒരു ലക്ഷം വർധിപ്പിച്ചായിരുന്നു അമിത് ഷായുടെ കന്നി പാർലമെന്റ് അരങ്ങേറ്റം. 5,57,014 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോൺഗ്രസ് സ്ഥാനാർഥി ചതുർസിൻഹ് ജവാൻജി ചവദയെ തോൽപിച്ചായിരുന്നു അദ്ദേഹം ആദ്യമായി പാർലമെന്റിലെത്തിയത്. ഇത്തവണ ഗുജറാത്തിലെ മുതിർന്ന വനിതാ നേതാവ് സോനാൽ പട്ടേലിനെയാണ് ഭാഗ്യപരീക്ഷണത്തിനായി ഇവിടെ അമിത് ഷായ്‌ക്കെതിരെ കോൺഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്.

Summary: Amit Shah's wealth doubled in last 5 years

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News