'ശശി തരൂര്‍ ഊര്‍ജസ്വലന്‍, വിശാലമായ ലോകവീക്ഷണമുണ്ട്': ജമ്മു കശ്മീര്‍ പി.സി.സി മുന്‍ അധ്യക്ഷന്‍

ഖാര്‍ഗെയോട് തനിക്ക് ബഹുമാനമുണ്ടെന്ന് പറഞ്ഞാണ് സെയ്ഫുദ്ദീന്‍ സോസ് ശശി തരൂരിനെ പ്രശംസിച്ചത്

Update: 2022-10-06 14:16 GMT

ശശി തരൂര്‍ ഊര്‍ജസ്വലനും വിശാലമായ ലോകവീക്ഷണവുമുള്ള നേതാവാണെന്ന് ജമ്മു കശ്മീരിലെ മുന്‍ പി.സി.സി അധ്യക്ഷന്‍ സെയ്ഫുദ്ദീന്‍ സോസ്. ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവരുന്നതിനിടെയാണ് ശശി തരൂരിനെ പിന്തുണച്ച് ഒരു മുതിര്‍ന്ന നേതാവ് രംഗത്തുവന്നത്. ഖാര്‍ഗെയോട് തനിക്ക് ബഹുമാനമുണ്ടെന്ന് പറഞ്ഞാണ് സെയ്ഫുദ്ദീന്‍ സോസ് ശശി തരൂരിനെ പ്രശംസിച്ചത്-

"അദ്ദേഹം (തരൂർ) നന്നായി വായിക്കുന്നു. ഊർജ്ജസ്വലനാണ്. വിശാലമായ ലോക വീക്ഷണവും ജനങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവുമുണ്ട്"- സെയ്ഫുദ്ദീന്‍ സോസ് പറഞ്ഞു.

Advertising
Advertising

രണ്ടു തവണ കേന്ദ്രമന്ത്രിയായ മുതിര്‍ന്ന നേതാവാണ് സെയ്ഫുദ്ദീന്‍ സോസ്. തരൂരിന് പരസ്യ പിന്തുണ നല്‍കിയ അപൂര്‍വം മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ നേതൃനിരയിലുള്ള നേതാക്കള്‍ ഖാര്‍ഗെയെ ആണ് പിന്തുണയ്ക്കുന്നത്. ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച നേതാക്കളോട് വോട്ട് അഭ്യര്‍ഥിക്കില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും തരൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി.

എന്നാലും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെ ചരിത്രപരം എന്ന് വിശേഷിപ്പിക്കുന്നതിനോട് സോസിന് യോജിപ്പില്ല- "ഗാന്ധി കുടുംബത്തില്‍ അല്ലാത്ത ഒരാൾ അധ്യക്ഷ പദവിയിലെത്തുന്നത് ആദ്യമല്ല. ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. പി വി നരസിംഹ റാവുവും സീതാറാം കേസരിയും ഉണ്ടായിരുന്നു".

അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിന്‍റെ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്കാണെന്നും സോസ് പറഞ്ഞു- "ഇത് രാഹുൽ ഗാന്ധിയുടെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയുടെയും വിജയമാണ്. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ പാർട്ടിയെ നയിക്കണമെന്ന് ആഗ്രഹിച്ചത് അദ്ദേഹമാണ്".

കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ട് ബി.ജെ.പി അസ്വസ്ഥരാണെന്നും സോസ് പറഞ്ഞു- "രാഹുൽ തുടർച്ചയായി ജനക്കൂട്ടത്തെ ആകര്‍ഷിക്കുകയാണ്. അദ്ദേഹത്തിന്റെ യാത്ര വിജയമാണ്. ആ യാത്ര കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ചു".

മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്, കശ്മീരിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് സോസ് മറുപടി നല്‍കി- "ഇവിടെ നാഷണൽ കോൺഫറൻസിനും പിഡിപിക്കുമാണ് സ്വാധീനമുള്ളത്. കോണ്‍ഗ്രസിന് ചില സ്വാധീന മേഖലകളുണ്ട്. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സ്വാധീനം ജമ്മുവിലാണ്".

കോൺഗ്രസ് നേതാക്കൾക്കെതിരായ മൃദുഹിന്ദുത്വ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് തികച്ചും മതേതര പാർട്ടിയാണെന്ന് സോസ് അവകാശപ്പെട്ടു. മതേതരത്വമാണ് പാര്‍ട്ടിയുടെ അജണ്ടയുടെ കാതലെന്നും സെയ്ഫുദ്ദീന്‍ സോസ് പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News