കശ്മീരില്ലാത്ത ഭൂപടം ബിബിസി പലതവണ നല്‍കി, കോൺഗ്രസിന് പറ്റിയ മാധ്യമം: അനില്‍ ആന്‍റണി

'ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന വാർത്തകൾ ബിബിസി നൽകിയിട്ടുണ്ട്'

Update: 2023-01-29 13:47 GMT

അനില്‍ ആന്‍റണി

Advertising

ഡല്‍ഹി: കോൺഗ്രസിലെ പദവികള്‍ രാജിവെച്ചതിന് പിന്നാലെ പാര്‍ട്ടിക്കും ബിബിസിക്കും എതിരെ വീണ്ടും അനിൽ ആന്‍റണി. കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ ബിബിസി നൽകിയിട്ടുണ്ടെന്ന് അനിൽ ആന്‍റണി വിമർശിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന വാർത്തകൾ ബിബിസി നൽകിയിട്ടുണ്ട്. കോൺഗ്രസിന് പറ്റിയ മാധ്യമമാണ് ബിബിസിയെന്ന് എ.ഐ.സി.സി പ്രചാരണ വിഭാഗം അധ്യക്ഷൻ ജയറാം രമേശിനെ ടാഗ് ചെയ്ത് അനിൽ ആന്‍റണി പരിഹസിച്ചു.

ഗുജറാത്ത് കലാപ കാലത്തെ നരേന്ദ്ര മോദിയുടെ നിലപാടുകൾ ചോദ്യംചെയ്ത ബിബിസി ഡോക്യുമെന്‍ററിയെ അനില്‍ ആന്‍റണി പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ പരമാധികാരത്തിനെതിരെയുള്ള കടന്നാക്രമണമാണ് ബിബിസി ഡോക്യുമെന്‍ററിയെന്നാണ് അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തത്. രാജ്യതാത്പര്യമാണ് പാർട്ടി താത്പര്യത്തേക്കാൾ വലുതെന്ന് അദ്ദേഹം മീഡിയവൺ സ്പെഷ്യൽ എഡിഷനിൽ പറഞ്ഞു.

ബിബിസി ഡോക്യുമെന്‍ററിക്ക് എതിരായ നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസിനുള്ളിൽ നിന്നുണ്ടായ കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് അനിൽ ആന്‍റണി പദവി ഒഴിഞ്ഞത്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ, സാമൂഹ്യ മാധ്യമങ്ങളുടെയും ഡിജിറ്റൽ മീഡിയയുടെയും ദേശീയ കോ ഓർഡിനേറ്റർ പദവി എന്നിവയാണ് ഒഴിഞ്ഞത്. ബിബിസിയുടെ വിശ്വാസ്യത ചോദ്യംചെയ്ത് ട്വീറ്റ് ചെയ്ത് 9 മണിക്കൂറിനുള്ളിലാണ് ട്വിറ്ററിലൂടെ തന്നെ രാജിപ്രഖ്യാപനവും പുറംലോകത്തെ അറിയിച്ചത്. കെ.പി.സി.സിയ്ക്കും ശശി തരൂരിനും നന്ദി പറഞ്ഞു ആരംഭിച്ച രാജിക്കത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തുന്ന ആക്രമണങ്ങളെയും വിമർശിച്ചു. സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അനിൽ കെ ആന്റണി പറഞ്ഞു.

തന്നെ വിമര്‍ശിക്കുന്നവരുടെ ഭാഷ ഉയർത്തിക്കാട്ടി കോൺഗ്രസിന്‍റെ നിലവാരത്തകർച്ചയെ പറ്റിയും അനിൽ പരിതപിച്ചു. ഭാരത് ജോഡോ യാത്രയെക്കുറിച്ചു പോസ്റ്റ് ഇടാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഫേസ്ബുക്കിൽ താൻ കുറച്ചു നാളായി സജീവമല്ലെന്നായിരുന്നു മറുപടി. നശീകരണത്തിന്‍റെ ആഖ്യാനങ്ങൾ രാജ്യത്തിനു ദോഷമാണെന്നും നിഷേധാത്മകമായ പ്രവർത്തനങ്ങളെ കാലം ചവറ്റുകുട്ടയിൽ തള്ളുമെന്നും പറഞ്ഞാണ് രാജിക്കത്ത് അവസാനിപ്പിച്ചത്.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News