പൗരത്വ പ്രക്ഷോഭം: അഖിൽ ഗൊഗോയി മുഴുവൻ കേസുകളിലും കുറ്റവിമുക്തൻ

രണ്ടു വർഷത്തെ ജയിൽജീവിതത്തിനുശേഷം ഗൊഗോയി ഇന്നു മോചിതനായേക്കും

Update: 2021-07-01 09:26 GMT
Editor : Shaheer | By : Web Desk

പൗരത്വ പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന അസം എംഎൽഎ അഖിൽ ഗൊഗോയിയെ മുഴുവൻ കേസുകളിൽനിന്നും കുറ്റവിമുക്തനാക്കി. 2019 ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ അസമിലുണ്ടായ വ്യാപക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകളിലാണ് എൻഐഎ കോടതി പൂർണമായും കുറ്റവിമുക്തനാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 22ന് ഒരു കേസിൽ ഗൊഗോയിയെ കോടതി വെറുതെവിട്ടിരുന്നു.

അസമിലെ കർഷക നേതാവ് കൂടിയായ അഖിൽ ഗൊഗോയിക്കും മറ്റ് മൂന്നു നേതാക്കൾക്കുമെതിരെ യുഎപിഎ പ്രകാരമാണ് കേസെടുത്തിരുന്നത്. രണ്ടു കേസുകളായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഇതിൽ ഒരു കേസിൽ നാലുപേരെയും കഴിഞ്ഞ മാസം എൻഐഎയുടെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ബാക്കിയുള്ള ഒരു കേസിൽകൂടി കുറ്റവിമുക്തനാക്കിയാണ് ഇന്ന് കോടതി വിധി വന്നിരിക്കുന്നത്.

Advertising
Advertising

ദിബ്രുഗഢിലെ ചാബുവ പൊലീസ് സ്റ്റേഷനിലും ഗുവാഹത്തിയിലെ ചാന്ദ്മാരി പൊലീസ് സ്റ്റേഷനിലുമാണ് ഇവർക്കെതിരെ കേസുണ്ടായിരുന്നത്. അസമിൽ പൗരത്വ പ്രക്ഷോഭത്തിനിടെയുണ്ടായിരുന്ന അക്രമസംഭവങ്ങളിലായിരുന്നു കേസ്. ഇവർക്ക് മാവോയിസ്റ്റ് ബന്ധം ആരോപിച്ച പൊലീസ് ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, മത-ജാതി സ്പർധ വളർത്തൽ, ഭീകരവാദികളുമായുള്ള ബന്ധം തുടങ്ങിയ കുറ്റങ്ങളാണ് ഗൊഗോയിക്കും മറ്റ് നേതാക്കൾക്കുമെതിരെ ചുമത്തിയിരുന്നത്. ഇതിൽ ചാബുവ കേസിലാണ് നേരത്തെ കോടതി വെറുതെവിട്ടത്. ഇന്ന് ചാന്ദ്മാരി കേസിൽകൂടി കുറ്റവിമുക്തരാക്കുകയായിരുന്നു.

ഗൊഗോയി ഇന്നുതന്നെ ജയിൽമോചിതനായേക്കും. മറ്റു മൂന്നുപേർ നേരത്തെ തന്നെ ജാമ്യത്തിൽ പുറത്തുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News