ലാൻഡ്‌സ്‌ഡോണ്‍ പിടിക്കാനിറക്കിയത് മിസ് ഇന്ത്യാ മത്സരാര്‍ത്ഥിയെ; എന്നിട്ടും രക്ഷയില്ലാതെ കോണ്‍ഗ്രസ്

ബി.ജെ.പി സിറ്റിങ് എം.എൽ.എ ദിലീപ് സിങ് റാവത്താണ് അനുകൃതിയെ പരാജയപ്പെടുത്തിയത്

Update: 2022-03-10 16:30 GMT

ഉത്തരാഖണ്ഡിലെ ലാൻഡ്‌സ്‌ഡോൺ മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസ് ഇക്കുറി അരയും തലയും മുറുക്കിയാണിറങ്ങിയത്. ഇതിനായി മുൻ ഫെമിന മിസ് ഇന്ത്യ മത്സരാർത്ഥി അനുകൃതി ഗുസൈനാണ് പാര്‍ട്ടി ടിക്കറ്റ് നൽകിയത്. എന്നാൽ അതും കോൺഗ്രസിന് രക്ഷയായില്ല. ബി.ജെ.പി സിറ്റിങ് എം.എൽ.എ ദിലീപ് സിങ് റാവത്താണ് അനുകൃതിയെ പരാജയപ്പെടുത്തിയത്.

ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മുൻമന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകളാണ് അനുകൃതി. ഹരക് സിങിന് മത്സരിക്കാൻ ടിക്കറ്റ് നൽകാതെയാണ് മരുമകൾക്ക് ടിക്കറ്റ് നൽകിയത്. തൊട്ടതെല്ലാം പിഴച്ച കോൺഗ്രസിന് ലാൻഡ്‌സ്‌ഡോണിലും പിഴച്ചു.

Advertising
Advertising

മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പരാജയപ്പെട്ടെങ്കിലും ഉത്തരാഖണ്ഡിൽ ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പായി. 21 വർഷത്തെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഭരണകൂടത്തിന് അധികാരത്തുടർച്ചയുണ്ടാവുന്നത്. നിലവിൽ ബി.ജെ.പി 47 സീറ്റുകളിലും കോൺഗ്രസ് 17 സീറ്റുകളിലുമാണ് വിജയിച്ചത്.

രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരിച്ചിരുന്നത്. ഇത്തവണ ആ ചരിത്രത്തെയാണ് ബി.ജെ.പി തിരുത്തിയെഴുതിയത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ബി.ജെ.പിയും കോൺഗ്രസും ഒപ്പത്തിനൊപ്പമായിരുന്നു ലീഡുയർത്തിയത്. ഒരു ഘട്ടത്തിൽ ഇരുപാർട്ടികളും 14 വീതം സീറ്റുകളിൽ ഒപ്പത്തിനൊപ്പമായിരുന്നു മുന്നേറിയിരുന്നത്. എന്നാല്‍ ഉച്ചയോടെ ചിത്രം മാറി. ലീഡുയര്‍ത്തിയ ബി.ജെ.പി പിന്നീട് ഒരിക്കല്‍ പോലും താഴേക്ക് പോയില്ല.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News