ബൈക്കിൽ വീട്ടിലേക്ക് പോവുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി സൈനികന് ദാരുണാന്ത്യം

ചൈനീസ് മാഞ്ച എന്നറിയപ്പെടുന്ന നിരോധിത പട്ടച്ചരടാണ് സൈനികന്റെ കഴുത്തിൽ കുരുങ്ങിയത്.

Update: 2024-01-14 16:19 GMT
Advertising

ഹൈദരാബാദ്: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പട്ടച്ചരട് കഴുത്തിൽ ചുറ്റി സൈനിക ജവാന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി കെ കോടേശ്വർ റെഡ്ഡിയാണ് മരിച്ചത്. താമസിക്കുന്ന ലം​ഗാർ ഹൗസ് പ്രദേശത്തേക്ക് ബൈക്കിൽ പോവുന്നതിനിടെയാണ് അപകടം.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം ഒസ്മാനിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സൈനിക അധികാരികൾക്ക് വിട്ടുകൊടുത്തു.

ചൈനീസ് മാഞ്ച എന്നറിയപ്പെടുന്ന നിരോധിത പട്ടച്ചരടാണ് സൈനികന്റെ കഴുത്തിൽ കുരുങ്ങിയത്. ചില്ലു പൊതിഞ്ഞു നിർമിക്കുന്ന സിന്തറ്റിക് നൂലുകളാണ് ചൈനീസ് മാഞ്ച.

പട്ടം പറത്തൽ മത്സരങ്ങളിൽ മറ്റ് പട്ടങ്ങളുടെ ചരടുകൾ മുറിക്കാൻ ഈ ഈ മിശ്രിതം സഹായിക്കുന്നു. പരിസ്ഥിതിക്ക് ആഘാതവും മനുഷ്യർക്കും പക്ഷികൾക്കും ഭീഷണിയും ആയതിനാൽ ദേശീയ ഹരിത ട്രൈബ്യൂണൽ 2017 ജനുവരി 10ന് ചൈനീസ് മാഞ്ച നിരോധിച്ചു.

മുമ്പും രാജ്യത്തിന്റെ പലയിടങ്ങളിലും ഇത്തരത്തിൽ യാത്രയ്ക്കിടെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് കുട്ടികളടക്കം നിരവധി യാത്രികർ മരിച്ചിരുന്നു. അടുത്തിടെ, ബൈക്കിൽ വീട്ടിലേക്ക് പോകവെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചിരുന്നു.

മുംബൈയിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വാകോല പാലത്തിൽ ഡിസംബർ അവസാന വാരമായിരുന്നു സംഭവം. ഗോരേഗാവിലെ ദിൻദോഷി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ 37കാരനായ സമീർ സുരേഷ് ജാദവാണ് മരിച്ചത്.

കഴുത്ത് മുറിഞ്ഞ് റോഡിൽ വീണ സമീർ സുരേഷിനെ ഇതുവഴി പട്രോളിങ് നടത്തുകയായിരുന്ന ഖേർവാദി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ, അപകട മരണത്തിന് കേസെടുത്തിരുന്നു. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News