​ഗണേശോത്സവ വേദിയിൽ നൃത്തത്തിനിടെ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ച് കലാകാരൻ

ഇതു കണ്ട് 'ശിവന്റെ' വേഷം ധരിച്ചയാൾ വേദിയിലെത്തി കലാകാരനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും മറ്റുള്ളവരെ സഹായത്തിനായി വിളിക്കുന്നതും വീഡിയോയിൽ കാണാം.

Update: 2022-09-08 12:36 GMT
Advertising

ജമ്മു: ​ഗണേശോത്സവത്തോടനുബന്ധിച്ച് നൃത്തം ചെയ്യുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ച് കലാകാരൻ. ജമ്മുവിലെ ബിഷ്നയിലാണ് സംഭവം. പാർവതീ വേഷത്തിൽ നൃത്തം ചെയ്ത യോ​ഗേഷ്​ ​ഗുപ്തയെന്ന ആളാണ് മരിച്ചത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നൃത്തത്തിന്റെ ഭാഗമായി നിലത്തേയ്ക്ക് വീഴുന്ന യോ​ഗേഷ് ഇരുന്നുകൊണ്ട് ചുവടുകള്‍ കാണിക്കുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു.

ഈ സമയവും പാട്ട് തുടരുകയാണ്. യോ​ഗേഷ് എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. എഴുന്നേൽക്കാത്തതു കണ്ട് 'ശിവന്റെ' വേഷം ധരിച്ചയാൾ വേദിയിലെത്തി. തുടർന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും മറ്റുള്ളവരെ സഹായത്തിനായി വിളിക്കുന്നതും ആളുകൾ ഓടിവരുന്നതും വീഡിയോയിൽ കാണാം.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യോ​ഗേഷ് താഴെ വീണപ്പോൾ കാണികൾ പലരും ഇത് പ്രകടനത്തിന്റെ ഭാഗമാണെന്ന് കരുതുകയായിരുന്നു. അബോധാവസ്ഥയിലാണെന്ന് മനസിലായതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.


കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തുടനീളം ഇത്തരം നിരവധി സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഗണേശോത്സവത്തിൽ നൃത്തപരിപാടി അവതരിപ്പിക്കുന്നതിടെ ഉത്തർപ്രദേശിലെ മെയിൻപുരിയിൽ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

കോട്വാലി പ്രദേശത്തുള്ള ബൻഷിഗൗരയിലെ ശിവക്ഷേത്രത്തിൽ ഹനുമാൻ വേഷത്തിൽ കലാപ്രകടനം നടത്തുന്നിതിനിടെ 35കാരനായ ശർമയാണ് മരിച്ചത്. ശർമ വീണപ്പോൾ അത് നൃത്തത്തിന്റെ ഭാഗമാണെന്ന് കരുതി കാണികളാരും കാര്യമാക്കിയില്ല.

എന്നാൽ കുറച്ച് നേരം കഴിഞ്ഞിട്ടും അനക്കമില്ലാതായതോടെയാണ് കാണികളും സംഘാടകരും കലാകാരന്റെ അടുത്ത് പോയി നോക്കിയത്. ഉടൻ തന്നെ അദ്ദേഹത്തെയെടുത്ത് മെയിൻപുരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ജൂണില്‍, കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്ത് (കെകെ- 53) മരിച്ചിരുന്നു. മെയ് 28ന് ആലപ്പുഴയില്‍ ഒരു സംഗീത പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് ഗായകന്‍ ഇടവ ബഷീറും മരിച്ചിരുന്നു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News