സ്ഥാനാർത്ഥികൾക്ക് 15 കോടിയും മന്ത്രിസ്ഥാനങ്ങളും ബിജെപി വാഗ്ദാനം ചെയ്‌തെന്ന് ആരോപിച്ച് അരവിന്ദ് കെജ്‌രിവാൾ

സർവ്വേകൾ പ്രകാരം 55 സീറ്റ് നേടാനാകുമെങ്കിൽ പിന്നെ എന്തിനാണ് ബിജെപി സ്ഥാനാർഥികളെ വിളിക്കുന്നതെന്നും ഇത്തരം വ്യാജ സർവ്വേകൾ ഞങ്ങളെ തകർക്കാനുള്ള നീക്കങ്ങളാണെന്നും കെജ്‌രിവാൾ പറഞ്ഞു

Update: 2025-02-07 06:29 GMT

ന്യൂ ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരാൻ 48 മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, 16 എഎപി സ്ഥാനാർത്ഥികളെ ബിജെപി പണം നൽകി സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപിച്ച് അരവിന്ദ് കെജ്‌രിവാൾ. എക്സ് പോസ്റ്റിലാണ് വിവരം പങ്കുവെച്ചത്.

ആം ആദ്മി പാർട്ടിയിലെ 16 സ്ഥാനാർത്ഥികൾക്ക് പാർട്ടി മാറിയാൽ മന്ത്രി സ്ഥാനങ്ങളും ഓരോരുത്തർക്കും 15 കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് കെജ്‌രിവാൾ അവകാശപ്പെട്ടത്. 'ചില ഏജൻസികൾ ബിജെപി 55 സീറ്റുകൾ നേടി വിജയിക്കുമെന്ന് പറയുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ, ഞങ്ങളുടെ 16 സ്ഥാനാർത്ഥികൾക്കാണ് അവരുടെ പാർട്ടിയിൽ ചേർന്നാൽ മന്ത്രിമാരാക്കുമെന്നും ഓരോരുത്തർക്കും 15 കോടി രൂപ നൽകാമെന്നും പറഞ്ഞ് വിളികൾ ലഭിച്ചത്.' കെജ്‌രിവാൾ പറഞ്ഞു. സർവ്വേകൾ പ്രകാരം 55 സീറ്റ് നേടാനാകുമെങ്കിൽ പിന്നെ എന്തിനാണ് ബിജെപി സ്ഥാനാർഥികളെ വിളിക്കുന്നതെന്നും ഇത്തരം വ്യാജ സർവ്വേകൾ ഞങ്ങളെ തകർക്കാനുള്ള നീക്കങ്ങളാണെന്നും എന്നാൽ, എഎപിയിൽ നിന്നാരും ബിജെപിയിലേക്ക് പോകില്ലെന്നും കെജ്‌രിവാൾ വ്യക്തമാക്കി.

ബിജെപി ഇത്തരമൊരു വാഗ്ദാനവുമായി തന്നെ സമീപിച്ചതായി സുൽത്താൻപൂർ മജ്‌രയിലെ എഎപി സ്ഥാനാർത്ഥിയും ഡൽഹി മന്ത്രിയുമായ മുകേഷ് അഹ്ലാവത്ത് സ്ഥിരീകരിച്ചു. എന്നെ, പല കഷ്ണങ്ങളാക്കി മുറിച്ചാലും അരവിന്ദ് കെജ്‌രിവാളിനെ ഉപേക്ഷിക്കില്ലെന്നാണ് അഹ്ലാവത്ത് എക്സിൽ കുറിച്ചത്.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പുതന്നെ ബിജെപി പരാജയം അംഗീകരിച്ചിരുന്നുവെന്നും അത്കൊണ്ട് പുതിയ തന്ത്രങ്ങൾ മെനയുകയാണെന്നും എഎപി എംപി സഞ്ജയ് സിങ് പ്രതികരിച്ചു.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News