'രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ​ങ്കെടുക്കും'; ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് കോൺ​ഗ്രസ് മന്ത്രി

തന്നെ ക്ഷണിച്ച വിഎച്ച്പിക്കും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനും നന്ദി അറിയിക്കുന്നതായും സിങ് പറഞ്ഞു.

Update: 2024-01-11 07:14 GMT

ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പ​ങ്കെടുക്കുമെന്ന് കോൺഗ്രസ് മന്ത്രി. ഹിമാചൽപ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്ങാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ വെല്ലുവിളിച്ച് രം​ഗത്തെത്തിയത്. തന്റെ മുൻ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു.

താൻ അയോധ്യയിൽ സന്ദർശനം നടത്തുന്നത് ഒരു രാഷ്ട്രീയക്കാരനായിട്ടല്ല. ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ മകനായാണ് സന്ദർശനം. തന്റെ പിതാവ് ശ്രീരാമന്റെ ഭക്തനായിരുന്നു. വീർഭദ്ര സിങ്ങിന്റെ പുത്രനെന്ന നിലയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പ​ങ്കെടുക്കുകയെന്നത് തന്റെ ധാർമിക കടമയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Advertising
Advertising

ജനുവരി 22ന് ചടങ്ങ് നടക്കുമ്പോൾ പ്രധാനമന്ത്രി മോദിയും അവിടെയുണ്ടാകും. താൻ തീർച്ചയായും ചടങ്ങിൽ പങ്കെടുക്കും. തന്നെ ക്ഷണിച്ച വിഎച്ച്പിക്കും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനും നന്ദി അറിയിക്കുന്നു. ചരിത്രത്തിന്റെ ഭാഗമാവാനുള്ള അപൂർവാവസരമാണ് തങ്ങൾക്ക് ലഭിച്ചതെന്നും വിക്രമാദിത്യ സിങ് അവകാശപ്പെട്ടു.

മുതിർന്ന നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. തനിക്ക് മാത്രമായല്ല രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് ക്ഷണം ലഭിച്ചത്. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി തന്റെ പിതാവും പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെയും ആർഎസ്എസിന്റേയും ഹിന്ദു രാഷ്ട്രവാദത്തേയും വിഭജന രാഷ്ട്രീയത്തേയും താൻ എതിർക്കും. കോൺഗ്രസിന്റെയും അതിന്റെ ആശയങ്ങളേയും പാർട്ടി പ്രവർത്തകനെന്ന നിലയിൽ താൻ അനുകൂലിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം മുഖ്യമ​ന്ത്രി സുഖ്‍വീന്ദർ സിങ് സുഖുവും താൻ രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിന് പോവുമെന്ന് പറഞ്ഞിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് തങ്ങൾക്ക് ക്ഷണം ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ക്ഷണിച്ചാലും ഇല്ലെങ്കിലും ചടങ്ങിനെത്തുമെന്നും ഹിമാചല്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ബിജെപിയുടെ കെണിയില്‍ വീഴില്ലെന്ന് കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ കോൺ​ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധ നിലപാടുമായാണ് മുഖ്യമന്ത്രിയും മന്ത്രിയും രം​ഗത്തെത്തിയിരിക്കുന്നത്.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. അയോധ്യയിൽ നടക്കുന്നത് ആർഎസ്എസ്- ബിജെപി പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ ക്ഷണം നിരസിച്ചത്.

സോണിയാ ഗാന്ധി ക്ഷണം സ്വീകരിച്ചെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞതോടെയാണ് കോൺഗ്രസ് പങ്കെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായത്. സിപിഎം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ കേരളത്തിലും കോൺഗ്രസിനെ പ്രതിക്കൂട്ടില്ലാക്കുന്ന ചർച്ചകൾ നടന്നു. എന്നാൽ തക്കതായ സമയത്ത് തീരുമാനമെടുക്കുമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News