രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലേക്ക് ഉവൈസിക്ക് ക്ഷണം

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ പേര് ചില നേതാക്കൾ മുന്നോട്ട് വെച്ചിട്ടുണ്ട്

Update: 2022-06-21 03:23 GMT

ഡല്‍ഹി: പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ എ.ഐ.എം.ഐ.എമ്മിന് ക്ഷണം. യോഗത്തില്‍ പങ്കെടുക്കുമെന്ന് എ.ഐ.എം.ഐ.എം നേതാക്കള്‍ അറിയിച്ചു. പാർട്ടിയുടെ മഹാരാഷ്ട്ര ഘടകം നേതാവ് ഇംതിയാസ് ജലീലാണ് പങ്കെടുക്കുക. എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയെ ശരദ് പവാർ നേരിട്ട് വിളിച്ചിരുന്നുവെന്ന് ജലീൽ പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് നടക്കും. മമത ബാനര്‍ജി വിളിച്ച കഴിഞ്ഞ യോഗത്തില്‍ 17 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തിരുന്നു. ശരദ് പവാർ, ഗോപാൽകൃഷ്ണ ഗാന്ധി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവര്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ അഭ്യർഥന നിരസിച്ചു. ഇതോടെ മറ്റൊരു പേരിലേക്ക് പ്രതിപക്ഷത്തിന് എത്തേണ്ടതുണ്ട്.

Advertising
Advertising

ബി.ജെ.പി വിട്ട് തൃണമൂലിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ പേര് ചില നേതാക്കൾ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസിനും ഇടത് പാർട്ടികൾക്കും യശ്വന്ത് സിൻഹ മത്സരിക്കുന്നതിൽ എതിർപ്പുള്ളതായാണ് സൂചന. ഇന്നത്തെ യോഗത്തില്‍ കോൺഗ്രസിൽ നിന്ന് ജയ്‌റാം രമേശും മല്ലികാർജുൻ ഖാർഗെയും പങ്കെടുക്കും. സി.പി.എം ജനറൽ സെക്രട്ടറി സീതാം യെച്ചൂരിയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജയും യോഗത്തിനെത്തും. മമതാ ബാനർജിക്ക് അസൗകര്യമുള്ളതിനാൽ അഭിഷേക് ബാനർജിയാണ് തൃണമൂലിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുക. ബംഗാളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തുടരേണ്ടതുണ്ടെന്നാണ് മമത അറിയിച്ചത്. 

എൻ.ഡി.എയുടെ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഘടക കക്ഷികളുമായി രാജ്നാഥ് സിങ് ചർച്ച നടത്തി.രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ 29 ആണ്. വോട്ടെടുപ്പ് ജൂലൈ 18നും വോട്ടെണ്ണൽ ജൂലൈ 21നും നടക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News