കാലുകൊണ്ട് ദേശീയ പതാക മടക്കിവെച്ച് പ്രിൻസിപ്പൽ; വിഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്
പ്രിന്‍സിപ്പലിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു
ഗുവാഹത്തി: ദേശീയ പതാകയോട് അനാദരവ് കാണിച്ചെന്ന പരാതിയില്‍ അസമിലെ സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ പതാക കാലുകള്‍ കൊണ്ട് മടക്കിവെക്കുന്നതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രിന്‍സിപ്പലിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഞായറാഴ്ചയാണ് പൊലീസ് പ്രിൻസിപ്പലായ ഫാത്തിമ ഖാത്തൂണിനെ അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 15 ന് ന് വിദ്യാർഥികളുടെ സാന്നിധ്യത്തിൽ പ്രിന്‍സിപ്പല്‍ സ്കൂളിലെത്തി പതാക ഉയര്‍ത്തിയിരുന്നു. ശനിയാഴ്ച 7:30 ഓടെ അവർ ഒറ്റയ്ക്ക് സ്കൂളിലെത്തി ഗേറ്റ് തുറന്ന് പതാക എടുത്തുവെക്കുകയായിരുന്നു. ഇതിനിടയിലാണ് പതാക കാലുകൊണ്ട് മടക്കിവെക്കാന്‍ ശ്രമിച്ചത്. അതേസമയം, വെള്ളിയാഴ്ച രാത്രി മുഴുവന്‍ സ്കൂളില്‍ പതാക ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. നാട്ടുകാരുടെ വിമര്‍ശനത്തിന് പിന്നാലെയാണ് അവര്‍ സ്കൂളിലെത്തി പതാക താഴ്ത്തിയത്.
1971 ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയൽ നിയമപ്രകാരം നാഗോൺ ജില്ലയിൽ നിന്നാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത അധ്യാപികയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി അധികൃതർ അറിയിച്ചു.