മുദ്രവെച്ച കവറില്‍ അതിഖ് അഹമ്മദിന്‍റെ കത്ത്; കൊല്ലപ്പെട്ടാല്‍ യു.പി മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും നല്‍കാന്‍ പറഞ്ഞെന്ന് അഭിഭാഷകന്‍

ഈ കത്ത് തന്‍റെ കൈവശമല്ല, മറ്റൊരാളുടെ കൈവശമാണുള്ളതെന്ന് അഭിഭാഷകന്‍

Update: 2023-04-18 12:07 GMT

പ്രയാഗ്‍രാജ്: താൻ കൊല്ലപ്പെട്ടാൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നൽകാൻ സമാജ്‌വാദി പാർട്ടി മുൻ എം.പി അതിഖ് അഹമ്മദ് കത്തെഴുതിവെച്ചിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍. ഈ കത്ത് തന്‍റെ കൈവശമല്ല ഉള്ളതെന്ന് അഭിഭാഷകനായ വിജയ് മിശ്ര വ്യക്തമാക്കി. താനല്ല കത്തയക്കുക. മറ്റൊരാളുടെ കൈവശമാണ് ഈ കത്തുള്ളത്. കത്തിന്‍റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതിഖ് അഹമ്മദിനെയും തന്നെയും ജയിലിൽ നിന്ന് പുറത്തിറക്കി കൊല്ലുമെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞെന്ന് അഷ്റഫ് വെളിപ്പെടുത്തിയിരുന്നുവെന്ന് അഭിഭാഷകന്‍ ഇന്നലെ പറഞ്ഞിരുന്നു. ഈ ഉദ്യോഗസ്ഥന്‍റെ പേര് ഈ കത്തിലുണ്ടാകാനിടയുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു-

Advertising
Advertising

"പ്രയാഗ്‍രാജില്‍ നിന്ന് ബറേലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ഇത്തവണ രക്ഷപ്പെട്ടെന്നും അടുത്ത 15 ദിവസത്തിനുള്ളിൽ ജയിലിൽ നിന്ന് പുറത്തിറക്കി ഇരുവരെയും കൊലപ്പെടുത്തുമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ അഷ്റഫിനോടു പറഞ്ഞിരുന്നു. ആരാണ് ആ ഉദ്യോഗസ്ഥനെന്ന് ഞാൻ ചോദിച്ചതാണ്. പക്ഷെ എന്‍റെ ജീവന്‍ അപകടത്തിലാകുമെന്ന് കരുതി അദ്ദേഹം ആ പേരു പറഞ്ഞില്ല"- അഭിഭാഷകന്‍ പറഞ്ഞു.

അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും ശനിയാഴ്ച രാത്രി പ്രയാഗ്‌രാജിലേക്ക് മെഡിക്കല്‍ പരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മൂന്നംഗ സംഘം വെടിവെച്ചുകൊന്നത്. മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തിയ മൂന്നു പേരാണ് പോയിന്‍റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തത്. വെടിയുതിര്‍ക്കുന്നതിനിടെ ജയ് ശ്രീറാം എന്ന് കൊലയാളികള്‍ പറയുന്നുണ്ടായിരുന്നു. ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്‍സിആര്‍ ന്യൂസ്‌ എന്ന പേരിൽ വ്യാജ മൈക്ക് ഐഡിയും ക്യാമറയുമായാണ് കൊലയാളി സംഘമെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രശസ്തരാവാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തും. രണ്ട് മാസത്തിനകം യു.പി സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News