ഛത്തീസ്​ഗഢ് ചർച്ച് ആക്രമണം: ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

സംഭവത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേർ അറസ്റ്റിലായിരുന്നു

Update: 2023-01-04 08:44 GMT
Editor : ലിസി. പി | By : Web Desk

റായ്പൂർ: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്​ഗഢിൽ ക്രിസ്ത്യൻ പള്ളി ആക്രമിച്ച സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. അക്രമണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്നാണ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ഇന്നലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേർ അറസ്റ്റിലായിരുന്നു.

ബി.ജെ.പി നാരായൺപൂർ ജില്ലാ പ്രസിഡന്റ് ലധാക്ഷ്യ രൂപ്‌സായെ അങ്കിത് നന്തി, അതുൽ നേതാം, ഡോമെന്ദ് യാദവ് തുടങ്ങിയവരാണ് പിടിയിലായത്. ഇവരെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെല്ലാം പള്ളി തകർത്തതിലും പൊലീസിനെ ആക്രമിച്ചതിലും പ്രതികളാണ്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Advertising
Advertising

ഛത്തീസ്​ഗഢിലെ നാരായൺപൂരിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അക്രമണം. മതപരിവർത്തനം ആരോപിച്ച് നടന്ന ആദിവാസി പ്രതിഷേധത്തിനിടെയാണ് ബിജെപി പ്രവർത്തകരും നേതാക്കളും ക്രിസ്ത്യൻ പള്ളിക്കും പൊലീസിനും നേരെ ആക്രമണം അഴിച്ചുവിട്ടത്. പ്രതിഷേധവുമായെത്തിയവർ പള്ളിക്കു നേരെയും പൊലീസുകാർക്കു നേരെയും ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തിൽ പത്തിലേറെ പൊലീസുകാർക്കാണ് പരിക്കേറ്റത്. നാരായൺപൂർ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച അക്രമികൾ മറ്റ് ഉദ്യോഗസ്ഥരേയും ആക്രമിക്കുകയായിരുന്നു.സംഘർഷം നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസിനു നേരെ ആക്രമണം.

പ്രതിഷേധക്കാർ പള്ളിയിലെ യേശുക്രിസ്തുവിന്റേത് ഉൾപ്പെടെയുള്ള ആരാധനാ രൂപങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഞായറാഴ്ച നാരായൺപൂർ ജില്ലയിലെ എഡ്കയിൽ മതപരിവർത്തനം ആരോപിച്ച് രണ്ട് സമുദായങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിനു പിന്നാലെ ആദിവാസി സംഘടനകൾ യോഗം വിളിച്ചിരുന്നു. യോഗത്തിൽ ഇരു വിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും കസേരകളും കല്ലുകളും എടുത്തെറിയുകയുമായിരുന്നു.

ഇരു വിഭാഗവും ഏറ്റുമുട്ടിയതോടെ വൻ സംഘർഷത്തിനാണ് പ്രദേശം സാക്ഷ്യം വഹിച്ചത്. ഇതിനിടെയാണ് ബി.ജെ.പിക്കാരുൾപ്പെടെ നൂറുകണക്കിന് പേർ ബഖ്രുപാരയിലെ പള്ളിക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News