55 യാത്രക്കാരെ കൂട്ടാതെ പറന്നു; ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ

ഒരു ബസിലെത്തിയവർ കയറും മുമ്പ് വിമാനം പറക്കുകയായിരുന്നു. ബോർഡിംഗ് പാസ് സ്വീകരിക്കുകയും ചെക്ക്ഡ് ഇൻ ചെയ്യുകയും ചെയ്ത യാത്രക്കാരെ ഉപേക്ഷിച്ചാണ് വിമാനം പോയത്

Update: 2023-01-27 15:25 GMT
Advertising

ന്യൂഡൽഹി: 55 യാത്രക്കാരെ കൂട്ടാതെ പറന്നതിന് ഗോ ഫസ്റ്റിന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴ ചുമത്തി. ജനുവരി 9 ന് ബംഗളൂരു വിമാനത്താവളത്തിലാണ് നടപടി ആസ്പദമായ സംഭവം നടന്നത്. ബംഗളൂരു-ഡൽഹി റൂട്ടിലോടുന്ന ഫ്‌ളൈറ്റ് ജി 8 166 വിമാനമാണ് യാത്രക്കാരെ പൂർണമായി കയറ്റാതെ ബംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്‌ പറന്നുയർന്നത്.

വിമാനത്തിൽ കയറാൻ നാല് ബസുകളിലായാണ് യാത്രികർ എത്തിയിരുന്നത്. എന്നാൽ ഒരു ബസിലെത്തിയവർ കയറും മുമ്പ് വിമാനം പറക്കുകയായിരുന്നു. ബോർഡിംഗ് പാസ് സ്വീകരിക്കുകയും ചെക്ക്ഡ് ഇൻ ചെയ്യുകയും ചെയ്ത യാത്രക്കാരെ ഉപേക്ഷിച്ചാണ് വിമാനം പോയത്. ജനുവരി ഒമ്പതിന് പുലർച്ചെ 6.30നാണ് സംഭവം നടന്നത്. പിന്നീട് നാല് മണിക്കൂറിന് ശേഷം പത്തുമണിക്ക് യാത്രികരെ മറ്റൊരു വിമാനത്തിൽ കയറ്റി അയക്കുകയായിരുന്നു.

ഈ മാസം ആദ്യത്തിൽ എയർലൈനിന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ശേഷം ലഭിച്ച പ്രതികരണം പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വെള്ളിയാഴ്ച പിഴ ചുമത്തിയത്.

സംഭവ സമയത്ത് വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച് ടെർമിനൽ കോർഡിനേറ്റർ (ടിസി), വാണിജ്യ സ്റ്റാഫ് എന്നിവർക്കിടയിൽ തെറ്റായ ആശയവിനിമയമാണ് നടന്നതെന്നും ഏകോപനം ഉണ്ടായിരുന്നില്ലെന്നും ഗോ ഫാസ്റ്റ് കമ്പനി അധികൃതർക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയതായി ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.

'ഗ്രൗണ്ട് ഹാൻഡ്ലിംഗ്, ലോഡും ട്രിം ഷീറ്റും തയ്യാറാക്കൽ, ഫ്‌ളൈറ്റ് ഡിസ്പാച്ച്, പാസഞ്ചർ / കാർഗോ കൈകാര്യം ചെയ്യൽ എന്നിവയ്ക്ക് മതിയായ ക്രമീകരണം ഉറപ്പാക്കുന്നതിൽ എയർലൈൻ പരാജയപ്പെട്ടു. നിയമങ്ങൾ ലംഘിച്ചതിന് 10 ലക്ഷം രൂപ സാമ്പത്തിക പിഴ ചുമത്തി' ഡിജിസിഎ വ്യക്തമാക്കി. രണ്ട് അന്താരാഷ്ട്ര വിമാനങ്ങളിലുണ്ടായ യാത്രക്കാരുടെ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യാത്തതിന് എയർ ഇന്ത്യയ്ക്ക് ഏവിയേഷൻ റെഗുലേറ്റർ 40 ലക്ഷം രൂപ പിഴ ചുമത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം.

Aviation regulator Directorate General of Civil Aviation (DGCA) fined GoFirst Rs 10 lakh for flying without 55 passengers.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News