രേവന്ത് റെഡ്ഡി സർക്കാറിൽ മന്ത്രിയായി ചുമതലയേറ്റ അസ്ഹറുദ്ദീന് വകുപ്പുകളായി
മുൻ ക്രിക്കറ്റ് താരത്തിന് വകുപ്പുകൾ അനുവദിക്കുന്നത് സംബന്ധിച്ച് മൂന്ന് ദിവസമായി അനിശ്ചിതത്വം നിലനിന്നിരുന്നു
ഹൈദരാബാദ്: തെലങ്കാന സർക്കാറിൽ മന്ത്രിയായി കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന് രണ്ടു വകുപ്പുകളുടെ ചുമതല.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെയും പൊതു സംരംഭക വകുപ്പിന്‍റെയും ചുമതലയാണ് അസ്ഹറിന് നൽകിയത്. മുൻ ക്രിക്കറ്റ് താരത്തിന് വകുപ്പുകൾ അനുവദിക്കുന്നത് സംബന്ധിച്ച് മൂന്ന് ദിവസമായി അനിശ്ചിതത്വം നിലനിന്നിരുന്നു.
ഗവർണർ ജിഷ്ണു ദേവ് വർമ ഇതിന് അംഗീകാരം നൽകി. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് നേരത്തെ ന്യൂനപക്ഷ വകുപ്പ് കൈവശം വെച്ചിരുന്നത്. അദ്ലൂരി ലക്ഷ്മൺ കുമാറിനായിരുന്നു പൊതു സംരംഭക വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്നത്.
മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നയിക്കുന്ന മന്ത്രിസഭയിൽ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള പ്രാതിനിധ്യമുണ്ടായിരുന്നില്ല. ന്യൂനപക്ഷ സമുദായത്തില്‍ നിന്നൊരു മന്ത്രിയെ നിയമിക്കുന്നത് പ്രത്യേകിച്ചും ജൂബിലി ഹില്‍സില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന്റെ പൊസിഷന്‍ ശക്തിപ്പെടുത്തുമെന്നാണ് പാർട്ടി നേതാക്കൾ വിശ്വസിക്കുന്നത്.
ഈ വർഷം ജൂണിൽ ബിആർഎസ് എംഎൽഎ മാഗന്തി ഗോപിനാഥിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. അതേസമയം അസ്ഹറുദ്ദിനെ മന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു. പ്രീണനരാഷ്ട്രീയത്തിൽ കുറഞ്ഞതൊന്നുമല്ല കോൺഗ്രസിന്റെ നീക്കമമെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ എൻ. രാമചന്ദ്ര റാവു പറഞ്ഞത്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് സീറ്റില്‍ അസ്ഹറുദ്ദീനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അന്ന് താരം പരാജയപ്പെട്ടിരുന്നു. 16337 വോട്ടുകൾക്കായിരുന്നു തോൽവി.