'ബൂസ്റ്റർ ഡോസ് വാക്‌സിനെടുത്തിട്ടും കോവിഡ് വരുന്നത് വൈദ്യശാസ്ത്രത്തിന്റെ പരാജയം'; വിവാദ പരാമര്‍ശവുമായി വീണ്ടും ബാബാ രാംദേവ്

'പരമ്പരാഗത ഇന്ത്യൻ മരുന്നുകളുടെ ആധുനികവൽക്കരണം' എന്ന വിഷയത്തിൽ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ബാബാ രാംദേവ്

Update: 2022-08-04 14:20 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: അലോപ്പതി ചികിത്സയ്‌ക്കെതിരെ വിമർശനവുമായി വീണ്ടും വിവാദ യോഗാ പ്രചാരകൻ ബാബാ രാംദേവ്. ഡബിൾ ഡോസ് വാക്‌സിനെടുത്തിട്ടും ബൂസ്റ്റർ ഡോസ് എടുത്തിട്ടും കോവിഡ് ബാധിക്കുന്നുണ്ടെങ്കിൽ അത് വൈദ്യശാസ്ത്രത്തിന്റെ പരാജയമാണെന്ന് രാംദേവ് വിമർശിച്ചു.

ഡബ്ൾ ഡോസ് വാക്‌സിനെടുത്ത ശേഷവും ബൂസ്റ്റർ ഡോസെടുത്തിട്ടും കോവിഡ് വരുന്നു. ഇത് മെഡിക്കൽ സയൻസിന്റെ പരാജയമാണ് കാണിക്കുന്നത്. കഴിഞ്ഞ 50 വർഷമായി മെഡിക്കൽ സയൻസ് ലോകത്ത് നാശമാണ് സൃഷ്ടിച്ചത്. ലോകം പ്രകൃതി ചികിത്സയിലേക്ക് മടങ്ങുകയാണ്-രാംദേവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ 'വെബ് ദുനിയ' റിപ്പോർട്ട് ചെയ്തു.

'പരമ്പരാഗത ഇന്ത്യൻ മരുന്നുകളുടെ ആധുനികവൽക്കരണം' എന്ന വിഷയത്തിൽ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിലാണ് രാംദേവിന്റെ വിവാദ പരാമർശങ്ങൾ. നേരത്തെയും നിരവധി തവണ അല്ലോപ്പതി വിരുദ്ധ പരാമർശങ്ങളിലൂടെ കോടതിയിൽ കേസ് നേരിടുന്നുണ്ട് രാംദേവ്.

രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ച ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കില്ലെന്ന് രാംദേവ് വ്യക്തമാക്കിയിരുന്നു. ഡബിൾ ഡോസ് യോഗയും ആയുർവേദവും മാത്രം മതി കോവിഡിനെ തടയാനെന്നായിരുന്നു വിശദീകരണം. കൃത്യമായി യോഗ ചെയ്യുന്നതിനാൽ രോഗം പകരുന്ന ഭീതിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

അതിനിടെ, കോവിഡ് പ്രതിരോധത്തിനെന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ മരുന്നിനെതിരെ വിവിധ ഡോക്ടർമാരുടെ സംഘടനകൾ നൽകിയ ഹരജിയിൽ വിശദീകരണം നൽകാൻ ഡൽഹി ഹൈക്കോടതി ബാബാ രാംദേവിന് കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. നിലവിൽ നൽകിയിരിക്കുന്ന വിശദീകരണം ന്യായീകരണം മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതൽ സ്വീകാര്യമായ മറുപടി നൽകണമെന്ന് ഹൈക്കോടതി ജസ്റ്റിസ് അനൂപ് ജയറാം ആവശ്യപ്പെട്ടിരിക്കുന്നത്. രോഗപ്രതിരോധ ശേഷി വർധിക്കുന്നതിനൊപ്പം കോവിഡ് തടയാനും മികച്ച മരുന്നാണ് കൊറോണിലെന്നാണ് വിശദീകരണത്തിൽ ബാബാ രാംദേവ് വ്യക്തമാക്കിയിരിക്കുന്നത്.

Summary: ''Covid positive is a failure of medical science even after double vaccination and booster dose and medical science has created havoc in the whole world for 50 years'', alleges Baba Ramdev

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News