ഹോൺ മുഴക്കിയതിനെച്ചൊല്ലി തർക്കം; പശ്ചിമബംഗാളിൽ പാലത്തിനു നടുവിൽവെച്ച് കൊമ്പുകോർത്ത് മന്ത്രിയും ബിജെപി എംപിയും

പശ്ചിമബംഗാള്‍ മന്ത്രി ബാബുല്‍ സുപ്രിയോയും ബിജെപി എംപി അഭിജിത്ത് ഗംഗോപാധ്യായയും തമ്മിലാണ് വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയത്

Update: 2025-01-04 13:38 GMT
Editor : rishad | By : Web Desk

കൊല്‍ക്കത്ത: കാറിന്റെ ഹോണ്‍ മുഴക്കിയതിനെച്ചൊല്ലി പശ്ചിമബംഗാള്‍ മന്ത്രി ബാബുല്‍ സുപ്രിയോയും ബിജെപി എംപി അഭിജിത്ത് ഗംഗോപാധ്യായയും തമ്മില്‍ വാക്ക്തര്‍ക്കം.

ഹൂഗ്ലി നദിക്ക് കുറുകെയുള്ള വിദ്യാസാഗര്‍ പാലത്തിന് മുകളില്‍വെച്ചാണ് ഇരുവരും പരസ്യമായി കൊമ്പുകോര്‍ത്തത്. വാഹനം റോഡില്‍ നിര്‍ത്തിയാണ് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടത്. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പരസ്പരം മോശം ഭാഷ ഉപയോഗിച്ചു അധിക്ഷേപിച്ചുവെന്നാണ് ഇരുവരും ആരോപിക്കുന്നത്. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഗംഗോപാധ്യായ തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയതിനും അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചതിനുമാണ് താന്‍ ഇടപെട്ടത് എന്നാണ് ബാബുല്‍ സുപ്രിയോ ആരോപിക്കുന്നത്. 

Advertising
Advertising

ഇക്കാര്യം പറയാന്‍ ചെന്നപ്പോള്‍ മോശം ഭാഷ ഉപയോഗിച്ചാണ് തന്നെ, മുൻ കൽക്കട്ട ഹൈക്കോടതി ജഡ്ജി കൂടിയായ ഗംഗോപാധ്യായ നേരിട്ടതെന്നും ബാബുല്‍ സുപ്രിയോ പറയുന്നു. എംപിയുടെ വണ്ടിക്ക് ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്നും സുപ്രിയോ പറയുന്നു. അതേസമയം ഗംഗോപാധ്യായ ആരോപണം നിഷേധിച്ചു.

'വാഹനം തടഞ്ഞുനിർത്തി ബാബുൽ സുപ്രിയോ അസഭ്യം പറയുകയായിരുന്നുവെന്നാണ്'-  ഗംഗോപാധ്യായ പറയുന്നത്. സുപ്രിയോ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും ഗംഗോപാധ്യായ ആരോപിക്കുന്നു. എംപി ബോര്‍ഡ് ഉണ്ടായിരുന്നുവെന്നും ഗംഗോപാധ്യായ വ്യക്തമാക്കുന്നു. 

അതേസമയം എംപിയുടെയും മന്ത്രിയുടെയും 'പോരാട്ടം' കാണാന്‍ വൻ ജനക്കൂട്ടം തന്നെ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പൊലീസ് ഇറങ്ങിയാണ് ഇരുവരെയും അനുനയിപ്പിച്ചതും ജനക്കൂട്ടത്തെ പിരിച്ചുവിട്ടതും. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.  തംലുക്കില്‍ നിന്നുള്ള എംപിയാണ് അഭിജിത്ത് ഗംഗോപാധ്യായ. 

പശ്ചിമ ബംഗാളിലെ ഐടി മന്ത്രിയാണ് ബാബുല്‍ സുപ്രിയോ. നേരത്തെ നരേന്ദ്ര മോദി സർക്കാരിൽ സഹമന്ത്രിയായിരുന്ന സുപ്രിയോ, 2021 സെപ്റ്റംബറിലാണ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ ഒക്ടോബറിൽ, വഖഫ് (ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട പാർലമെൻ്ററി കമ്മിറ്റി യോഗത്തിനിടെ ടിഎംസി എംപി കല്യാണ്‍ ബാനർജിയും ബിജെപിയുടെ അഭിജിത് ഗംഗോപാധ്യായയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News