ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച യുപിയിലെ കോളജ് ആക്രമിച്ച് ബജ്‌റംഗ്ദൾ

ഹരിദ്വാറിൽ മറ്റു മതക്കാർ പരിപാടികൾ നടത്തുന്നതിന് നിരോധനമുണ്ടെന്ന് പറഞ്ഞാണ് ക്യാമ്പസിന് നേരെ ആക്രമണം നടത്തിയത്

Update: 2025-03-09 07:25 GMT

ഹരിദ്വാർ: വിദ്യാർത്ഥികൾ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് ഉത്തർ പ്രദേശിലെ കോളജിന് നേരെ ബജ്‌റംഗ്ദൾ ആക്രമണം. ഹരിദ്വാറിലെ ഋഷികുൽ ആയുർവേദ കോളേജാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ ആക്രമിച്ചത്.

വെള്ളിയാ​ഴ്ചയാണ് വിദ്യാർഥി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധവുമായി ബജ്‌റംഗ്ദൾ പ്രവർത്തകരെത്തിയത്.ഹരിദ്വാറിൽ മറ്റു മതക്കാർ പരിപാടികൾ നടത്തുന്നതിന് നിരോധനമുണ്ടെന്ന് പറഞ്ഞാണ് ക്യാമ്പസിന് നേരെ ആക്രമണം നടത്തിയത്​. പുറത്തുനിന്നുള്ളവരെ കോളേജ് കാമ്പസിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇഫ്താർ വിരുന്നെന്ന് ബജ്‌റംഗ്ദൾ ഭാരവാഹി അമിത് കുമാർ ആരോപിച്ചു.

മുസ്‍ലിം വിദ്യാർത്ഥികൾ ‘ഇസ്ലാമിക് ജിഹാദ്’ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും അമിത് കുമാർ ആരോപിച്ചു. വിരുന്ന് സംഘടിപ്പിച്ച വിദ്യാർഥികൾക്കെതിരെ മൂന്ന് ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അവർ വ്യക്തമാക്കി. കോളേജ് അധികൃതരുടെ അനുമതി വാങ്ങാതെയാണ് വിദ്യാർത്ഥികൾ പരിപാടി സംഘടിപ്പിച്ചതെന്ന് ഋഷികുൽ ആയുർവേദ കോളേജ് ഡയറക്ടർ ഡി.സി. സിങ് പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News