ഗോഡ്സെയെക്കുറിച്ചുള്ള ചിത്രവും നിരോധിക്കുമോ? ബി.ബി.സി വിവാദത്തിനു പിന്നാലെ വെല്ലുവിളിയുമായി ഉവൈസി

എന്തിനാണ് ഗാന്ധിയെ കൊന്നത് എന്നതിനെക്കുറിച്ചാണ് സിനിമ പറയുന്നത്

Update: 2023-01-23 06:30 GMT
Editor : Jaisy Thomas | By : Web Desk

അസദുദ്ദീൻ ഉവൈസി

Advertising

ഹൈദരാബാദ്: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററി വിലക്കിനെതിരെ എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്യാനിരിക്കുന്ന 'ഗാന്ധി ഗോഡ്‌സെ: ഏക് യുദ്ധ്' എന്ന സിനിമ വിലക്കുമോയെന്നും ആ ചിത്രം നിരോധിക്കാന്‍ താന്‍ ബി.ജെ.പിയെ വെല്ലുവിളിക്കുകയാണെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

''മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്‌സെയുടെ പേരിൽ ഒരു സിനിമ ഒരുങ്ങുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ആ സിനിമ നിരോധിക്കുമോ? ഞാൻ തന്നെ അത് കണ്ടിട്ടുണ്ട്... എന്തിനാണ് ഗാന്ധിയെ കൊന്നത് എന്നതിനെക്കുറിച്ചാണ് സിനിമ പറയുന്നത്.ബിബിസി പ്രധാനമന്ത്രി മോദിയെക്കുറിച്ച് എന്തെങ്കിലും കാണിക്കുമ്പോള്‍ അത് പ്രശ്‌നകരമാണ്. എന്നാല്‍ ഗാന്ധിയെ കൊന്ന മനുഷ്യനെക്കുറിച്ച് ഒരു സിനിമയുണ്ട്. മോദി ഗാന്ധിയെക്കാള്‍ വലുതല്ലെന്നും'' ഉവൈസി പറഞ്ഞു. എന്തിനാണീ പക്ഷപാതം? ഏതുതരം ഇന്ത്യയാണ് രൂപപ്പെടുന്നത്. കൊളോണിയല്‍ കാലത്തെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ട്വിറ്ററിലും യുട്യൂബിലും ബി.ബി.സി ഡോക്യുമെന്‍ററി കേന്ദ്രം നിരോധിച്ചു. ഗുജറാത്ത് കലാപത്തില്‍ ബഹിരാകാശത്ത് നിന്നോ ആകാശത്തില്‍ നിന്നോ എത്തിയവരാണോ ആളുകളെ കൊന്നത്? മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് മുന്‍പ് നിരോധിക്കാന്‍ താന്‍ ബി.ജെ.പിയെ വെല്ലുവിളിക്കുന്നെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഷെയർ ചെയ്യുന്ന ട്വീറ്റുകൾ തടയാൻ കേന്ദ്ര സർക്കാർ നിർദേശം നല്‍കിയിരുന്നു.ഗുജറാത്ത് വംശഹത്യ സമയത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് വംശഹത്യയിൽ പങ്കുണ്ടെന്നായിരുന്നു ഡോക്യമെന്‍ററിയിലെ ഉള്ളടക്കം. ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നുത്. രണ്ടാം ഭാഗം ചൊവ്വാഴ്ചയാണ് പുറത്തിറങ്ങുന്നത്. ഡോക്യുമെന്‍റിക്കെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഡോക്യുമെന്‍ററി ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്നാണ് ഇവരുടെ വാദം. മോദിയെയും കേന്ദ്രസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡോക്യുമെന്‍ററിക്ക് പിന്നിലെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം.

അതിനിടെ ഡോക്യുമെന്‍റി ഹൈദരാബാദ് സർവകലാശാല കാമ്പസിൽ പ്രദർശിപ്പിച്ചിരുന്നു. ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റിയാണ് പ്രദർശനമൊരുക്കിയത്. 200ഓളം വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു. 





Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News