പതിനൊന്നുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു

തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് പൊലീസ്

Update: 2026-07-08 06:09 GMT

പ്രഭാസ് മൊണ്ടാൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറൂയിപ്പൂരിൽ 11 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ പ്രഭാസ് മൊണ്ടാൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുറ്റകൃത്യത്തിന്റെ പുനരാവിഷ്‌ക്കരണത്തിനായി അർധരാത്രിയോടെ സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് വെടിയേറ്റ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.

പൊലീസിന്റെ വിശദീകരണമനുസരിച്ച്, സംഭവസ്ഥലത്ത് തെളിവെടുപ്പ് പുരോഗമിക്കവെ പ്രഭാസ് മൊണ്ടാൽ ഒരു പൊലീസുകാരന്റെ തോക്ക് കൈക്കലാക്കി. തുടർന്ന് പൊലീസിന് നേരെ ഒരു റൗണ്ട് വെടിയുതിർക്കുകയും അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി പൊലീസ് തിരിച്ചും വെടിവെച്ചതായാണ് അധികൃതരുടെ വിശദീകരണം.

Advertising
Advertising

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രഭാസ് മൊണ്ടാലിനെ ഉടൻ ബറൂയിപ്പൂർ മഹകുമ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

11 വയസുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി കുളത്തിൽ നിന്ന് കണ്ടെത്തിയതോടെയാണ് കേസ് പുറത്തറിഞ്ഞത്. അന്വേഷണത്തിനൊടുവിൽ പ്രഭാസ് മൊണ്ടാൽ, ആനന്ദ് സർദാർ, ദിബാകർ സർദാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ബസിർഹാട്ടിൽ നിന്ന് കബീർ മൊല്ലയെയും കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത് പ്രഭാസ് മൊണ്ടാലാണെന്നും, തുടർന്ന് മറ്റ് പ്രതികൾ ചേർന്ന് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശ്വാസകോശത്തിൽ വെള്ളം കണ്ടെത്തിയിരുന്നു. മൃതദേഹം കുളത്തിലേക്ക് തള്ളുമ്പോൾ കുട്ടി ജീവനോടെയായിരുന്നുവെന്ന സംശയം ഇതിലൂടെ ശക്തമായതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി കുളത്തിൽ ഉപേക്ഷിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

സംഭവം പുറത്തുവന്നതോടെ ബറൂയിപ്പൂരിലും സമീപപ്രദേശങ്ങളിലും വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രകോപിതരായ നാട്ടുകാർ പൊലീസ് വാഹനങ്ങൾക്കും പൊതുമുതലുകൾക്കും നേരെ ആക്രമണം നടത്തുകയും റെയിൽപാത തടസ്സപ്പെടുത്തുകയും ചെയ്തു. പ്രതിഷേധത്തിനിടെ കേസുമായി ബന്ധമില്ലാത്ത ഇന്ദ്രജിത് മൊണ്ടാൽ എന്നയാളെ പ്രതിയെന്ന് തെറ്റിദ്ധരിച്ച് ജനക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവവും വലിയ വിവാദമായി. ഈ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 20-ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവം രാഷ്ട്രീയ വിവാദമായതോടെ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനം ഉയർത്തി. അതിനിടെ മുഖ്യമന്ത്രി സുരക്ഷാ വീഴ്ചകളിൽ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകുകയും ചെയ്തു. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് 72 മണിക്കൂറിനകം സമർപ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, പ്രധാന പ്രതിയുടെ ഏറ്റുമുട്ടൽ മരണം പുതിയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. പൊലീസ് പറഞ്ഞിരിക്കുന്ന ഏറ്റുമുട്ടൽ വിവരണം ശരിയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സർക്കാരിനെതിരെ വ്യാപക വിമർശനം ശക്തമാകുന്നതിനിടെയാണ് കേസിൽ ഈ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - Web Desk

contributor

Similar News