ഹിന്ദുത്വ സംഘടനയുടെ പരാതിക്ക് പിന്നാലെ ബംഗാളിൽ മുസ്‌ലിം ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം

ഖരഗ്പൂർ അഡീഷണൽ എസ്പി ബുഷ്റ ബാനോയെയാണ് സ്ഥലം മാറ്റിയത്

Update: 2026-09-15 08:33 GMT

പശ്ചിമ ബംഗാൾ: ഹിന്ദുത്വ സംഘടന നൽകിയ പരാതിക്ക് പിന്നാലെ പശ്ചിമ ബംഗാളിൽ മുസ്‌ലിം ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം. ഐപിഎസ് ഉദ്യോഗസ്ഥയായ ബുഷ്റ ബാനോയെയാണ് ഖരഗ്പൂർ അഡീഷണൽ പൊലീസ് സൂപ്രണ്ട് സ്ഥാനത്ത് നിന്നും സ്റ്റേറ്റ് ആംഡ് പൊലീസിന്റെ ഡെപ്യൂട്ടി കമാൻഡന്റായി സംസ്ഥാന സർക്കാർ സ്ഥലം മാറ്റിയത്. സിവിൽ സർവീസ് വിദ്യാർഥികൾക്കായി പങ്കുവെച്ച വിഡിയോയിൽ ഇസ്‌ലാമിക പദങ്ങളും അഭിവാദ്യങ്ങളും ഉപയോഗിച്ചുവെന്നാണ് പരാതി.

സെപ്റ്റംബർ 13നാണ് ബുഷ്റ ബാനോ തന്റെ യുപിഎസ്‌സി പഠനയാത്രയെക്കുറിച്ച് വിശദീകരിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ റെസിഡൻഷ്യൽ കോച്ചിങ് അക്കാദമി തന്റെ സിവിൽ സർവീസ് പഠനത്തിന് എങ്ങനെ സഹായകമായി എന്ന് അവർ വിഡിയോയിൽ വിശദീകരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ വിഡിയോയുടെ തുടക്കത്തിലും അവസാനത്തിലുമായി അവർ 'അസലാമു അലൈക്കും', 'ഇൻഷാ അല്ലാഹ്', തുടങ്ങിയ 'ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ' എന്നർഥം വരുന്ന ഇസ്‌ലാമിക അഭിവാദ്യങ്ങളും പദങ്ങളും ഉപയോഗിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

Advertising
Advertising

വിഡിയോ പുറത്തുവന്നതിന് പിന്നാലെ 'ഹിന്ദു ലീഗൽ ഫണ്ട്' എന്ന സംഘടന പശ്ചിമ ബംഗാൾ ആഭ്യന്തര സെക്രട്ടറിക്ക് ഉദ്യോഗസ്ഥയ്ക്കെതിരെ പരാതി നൽകി. ഒരു സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിൽ അവർ വിഡിയോയിൽ 'ജയ് ഹിന്ദ്' അല്ലെങ്കിൽ 'വന്ദേമാതരം' പോലെയുള്ള ദേശീയ പദപ്രയോഗങ്ങൾ ഉപയോഗിക്കണമെന്നും ഹിന്ദു ലീഗൽ ഫണ്ട് ആരോപിച്ചു. ഇസ്‌ലാമിക അഭിവാദ്യങ്ങൾ മാത്രം ഉപയോഗിക്കുന്നത് പൊതുചട്ടങ്ങൾക്ക് നിരക്കുന്നതല്ലെന്നും സംഘടന തങ്ങളുടെ പരാതിയിൽ ഉന്നയിച്ചു.

പരാതി ഉയർന്നതിന് പിന്നാലെ തിങ്കളാഴ്ച ബുഷ്റ ബാനോയെ ഖരഗ്പൂരിൽ നിന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. എന്നാൽ സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. കേന്ദ്ര സർക്കാർ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ 'പ്രാർഥനാ മുറി' സജ്ജീകരിച്ച് മതേതരത്വം കാണിക്കുമ്പോൾ, ഇവിടെ 'അസലാമു അലൈക്കും' എന്ന് പറഞ്ഞതിന്റെ പേരിൽ ഒരു മുസ്‌ലിം വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ സർക്കാർ ഒതുക്കുകയാണെന്ന് മഹുവ മൊയ്ത്ര വിമർശിച്ചു.

ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയാണ് ബുഷ്റ ബാനോ. അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ നിന്ന് മാനേജ്മെൻറ് സ്റ്റഡീസിൽ പിഎച്ച്ഡി നേടിയ ശേഷം അവർ സൗദി അറേബ്യയിൽ അസിസ്റ്റൻ്റ് പ്രഫസറായി ജോലി നോക്കിയിരുന്നു. പിന്നീട് സിവിൽ സർവീസ് എന്ന വലിയ സ്വപ്നത്തിനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അവർ 2018ൽ 277-ാം റാങ്കോടെ യുപിഎസ്‌സി പാസായി. എന്നാൽ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്നതിനാൽ റെയിൽവേ ട്രാഫിക് സർവീസ് ജോലിയിൽ പ്രവേശിച്ചില്ല. തൊട്ടടുത്ത വർഷം വീണ്ടും പരീക്ഷയെഴുതിയ അവർ 234-ാം റാങ്ക് കരസ്ഥമാക്കിയാണ് ഐപിഎസ് നേടിയത്. ബംഗാൾ കേഡർ ലഭിച്ച അവർ കഴിഞ്ഞ ജൂൺ മാസത്തിലാണ് സ്ഥാനക്കയറ്റം ലഭിച്ച് ഖരഗ്പൂർ അഡീഷണൽ എസ്പിയായി ചുതലയേറ്റത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News