'നിങ്ങള്‍ വിളിച്ചത് തെറ്റായ നമ്പറിലേക്കാണ്, പോയി സമരം ചെയ്യൂ' സംവരണ സീറ്റ് റൊട്ടേഷന്‍ ഹരജിക്കാരനെ പരിഹസിച്ച് ചീഫ് ജസ്റ്റിസ്

എസ്‌സി, എസ്ടി സംവരണ മണ്ഡലങ്ങളില്‍ റൊട്ടേഷന്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി

Update: 2026-11-04 17:38 GMT

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി സംവരണ മണ്ഡലങ്ങളില്‍ റൊട്ടേഷന്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി. നിയമസഭാ, പാര്‍ലമെന്റ് മണ്ഡലങ്ങളിലെ സംവരണവും അവയുടെ ഘടനയും മാറ്റേണ്ടത് കോടതിയുടെ അധികാരപരിധിയിലല്ലെന്നും അത് പാര്‍ലമെന്റിന്റെയും നിയമനിര്‍മാണ സഭകളുടേയും കാര്യമാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഹരജി പരിഗണിക്കുന്നതിനിടെ ഹരജിക്കാരനെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പരിഹസിക്കുകയും ചെയ്തു. നിങ്ങള്‍ വിളിച്ചത് തെറ്റായ നമ്പറിലേക്കാണെന്നും, പോയി സമരം ചെയ്‌തോളൂവെന്നുമാണ് ചീഫ് ജസ്റ്റിസിന്റെ പരിഹാസം.

Advertising
Advertising

'നിങ്ങള്‍ വിളിച്ചിരിക്കുന്നത് തെറ്റായ നമ്പറിലേക്കാണ്. സമരങ്ങളും മുദ്രാവാക്യങ്ങളും വിളിക്കാനും പ്രതിഷേധം നടത്താനും പറ്റിയ സമയമാണിത്. ഇതാണല്ലോ ഇപ്പോള്‍ ട്രെന്‍ഡ്. നിങ്ങള്‍ക്ക് അതുമാകാം'. അദ്ദേഹം പറഞ്ഞു. നിയമനിര്‍മാണ സഭകള്‍ക്ക് ഇടപെടാനുള്ള സമയമായെന്ന് പറഞ്ഞ് തങ്ങള്‍ ശബ്ദമുയര്‍ത്താന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും, കോടതിക്ക് ഇത്തരം കാര്യങ്ങള്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

1972 മുതല്‍ ഒരേ മണ്ഡലങ്ങള്‍ തന്നെ സംവരണ മണ്ഡലങ്ങളായി തുടരുന്നുവെന്നും റൊട്ടേഷന്‍ ഇല്ലാത്തതിനാല്‍ ഒരേ കുടുംബങ്ങള്‍ തന്നെ വീണ്ടും വീണ്ടും മത്സരിക്കുന്ന സ്ഥിതിയാണെന്നും ഹരജിക്കാരന്‍ വാദിച്ചു. 2008ലെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചൂണ്ടിക്കാട്ടി സംവരണ മണ്ഡലങ്ങളില്‍ ആനുകാലികമായ റൊട്ടേഷന്‍ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഭരണഘടന വ്യവസ്ഥകളില്‍ മാറ്റം വരുത്താനോ റൊട്ടേഷന്‍ സംവിധാനം കൊണ്ടുവരാനോ കോടതിക്ക് മൂന്നാം സഭയായി പ്രവര്‍ത്തിക്കാനാകില്ലെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി. വോട്ടര്‍മാരുടെ അവസരങ്ങള്‍ പരിമിതമാണെങ്കിലും അവരുടെ വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്നും, ഈ വിഷയം ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തി രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും കോടതി ഹര്‍ജിക്കാരനെ ഓര്‍മിപ്പിച്ചു. ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ട് സുപ്രിംകോടതി ഹര്‍ജി പൂര്‍ണമായി തള്ളി.

എന്തുകൊണ്ടാണ് സുപ്രിംകോടതി ഹരജി തള്ളിയത്?

ഡിലിമിറ്റേഷന്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ ഉണ്ടായിരുന്നിട്ടും പട്ടികജാതി/പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങള്‍ ക്രമത്തില്‍ മാറ്റി നിശ്ചയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഡിലിമിറ്റേഷന്‍ ആക്ടിലെ സെക്ഷന്‍ 9(1)(c)-നെ ഹരജിക്കാരന്‍ ചോദ്യം ചെയ്തിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ സംവരണ മണ്ഡലങ്ങളുടെ ക്രമം പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള കമ്മീഷന്റെ നിരീക്ഷണങ്ങളും ഹരജിക്കാരന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഡിലിമിറ്റേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രക്രിയ നടത്തുമ്പോള്‍ പാലിക്കേണ്ടതാണെന്നും അത് തുടര്‍ച്ചയായ റൊട്ടേഷന്‍ ക്രമം ആവശ്യപ്പെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കൂടാതെ, ഡിലിമിറ്റേഷന്‍ എന്നത് ഒരു നിയമനിര്‍മാണ പ്രക്രിയയാണെന്നും അതില്‍ കോടതിക്ക് സ്വമേധയാ നിര്‍ദ്ദേശം നല്‍കാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മുനിസിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ സംവരണ മണ്ഡലങ്ങളുടെ റൊട്ടേഷന്‍ ക്രമം തീരുമാനിക്കുന്നത് നിയമസഭ/പാര്‍ലമെന്റ് ആണെന്ന് ജസ്റ്റിസ് ബാഗ്ചിയും ചൂണ്ടിക്കാട്ടി. റൊട്ടേഷന്‍ അഭികാമ്യമായിരിക്കാമെങ്കിലും വിഷയം നിയമനിര്‍മാണ സഭയുടെ പരിധിയില്‍ വരുന്നതാണെന്ന ഹൈക്കോടതിയുടെ തീരുമാനത്തോട് വിയോജിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രിംകോടതി ഹരജി തള്ളുകയായിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Similar News