ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ടാക്‌സിയില്‍ 'മറന്നുവെച്ച്' രക്ഷിതാക്കള്‍; തിരികെ കിട്ടിയത് പൊലീസിൻ്റെ ഇടപെടലില്‍
കാര്‍ തിരികെ പോയ ശേഷമാണ് ദമ്പതികള്‍ കുഞ്ഞിന്റെ കാര്യം ഓര്‍ക്കുന്നത്...
ബംഗളൂരു: ടാക്‌സി കാറില്‍ മറന്നുവെച്ച കുഞ്ഞിനെ പൊലീസിന്റെ ഇടപെടലിലൂടെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായി തിരികെ കിട്ടി. നാലുവയസുള്ള കുഞ്ഞിനെയാണ് മാതാപിതാക്കള്‍ ടാക്‌സിയില്‍ മറന്നുവെച്ചത്. ഫെബ്രുവരി 14ന് രാത്രിയായിരുന്നു സംഭവം.
പൊന്നാപുര ലേഔട്ടില്‍ താമസിക്കുന്ന ദമ്പതികള്‍ ഒരു യാത്ര കഴിഞ്ഞ് രാത്രി 8.30ഓടെ തിരിച്ചെത്തിയതായിരുന്നു. കാറില്‍ ഉറങ്ങുകയായിരുന്ന നാലുവയസുള്ള കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ ഇരുവരും മറന്നു. കാര്‍ തിരികെ പോയ ശേഷമാണ് ഇവര്‍ കുഞ്ഞിന്റെ കാര്യം ഓര്‍ക്കുന്നത്. ഉടന്‍ നമ്മ-112 ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചു.
ഉടന്‍ പൊലീസ് സ്ഥലത്തെത്തുകയും കാറിന്റെ ലൈവ് ലൊക്കേഷന്‍ കണ്ടെത്തുകയും ചെയ്തു. കാറിന്റെ ഡ്രൈവറുമായി ബന്ധപ്പെട്ടു. പൊലീസുകാര്‍ വിളിച്ചപ്പോഴാണ് കുഞ്ഞ് പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുന്ന കാര്യം ഡ്രൈവറും അറിയുന്നത്. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശ പ്രകാരം ഡ്രൈവര്‍ തിരികെയെത്തി കുഞ്ഞിനെ സുരക്ഷിതമായി കൈമാറി.
സംഭവത്തില്‍ പൊലീസിന്റെ ഇടപെടലിനെ പ്രശംസിച്ചും രക്ഷിതാക്കളുടെ ശ്രദ്ധക്കുറവിനെ വിമര്‍ശിച്ചും സമൂഹമാധ്യമങ്ങളില്‍ നിരവധി കമന്റുകളാണ് വരുന്നത്. അശ്രദ്ധയ്ക്ക് രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.