ആര്‍എസ്എസിനെതിരായ പ്രസ്താവന; പ്രിയങ്ക് ഖാര്‍ഗെ, മുഹമ്മദ് നാലപ്പാട് എന്നിവര്‍ക്കെതിരായ അപകീര്‍ത്തി കേസിന് സ്റ്റേ
സമൂഹമാധ്യമങ്ങളിലൂടെ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി
ബെംഗളൂരു: ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് എന്നിവര്‍ക്കെതിരെ മജിസ്ട്രേറ്റ് കോടതി ആരംഭിച്ച വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജൂണ്‍ 27-ന് പുറപ്പെടുവിച്ച സമന്‍സ് ഉത്തരവും മാനനഷ്ടക്കേസ് നടപടികളും ചോദ്യംചെയ്ത് നേതാക്കള്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിവിഷന്‍ ഹരജിയിലാണ് പ്രത്യേക കോടതിയുടെ സുപ്രധാന ഉത്തരവ്. കേസ് ഒക്ടോബര്‍ 30ന് വീണ്ടും പരിഗണിക്കും.
ഹരജിയില്‍ വിധി പറയുന്നതിന് മുന്‍പായി വിചാരണക്കോടതിയിലെ നടപടികളുമായി മുന്നോട്ടുപോയാല്‍ റിവിഷന്‍ ഹരജിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്ന് വിലയിരുത്തിയാണ് നടപടികള്‍ കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
ആര്‍എസ്എസിനെതിരായ പ്രസ്താവനയില്‍ അപകീര്‍ത്തിക്കേസ് നല്‍കാന്‍ പരാതിക്കാരനുള്ള നിയമപരമായ അര്‍ഹതയെ പ്രിയങ്ക് ഖാര്‍ഗെയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സന്ദേശ് ജെ. ചൗട്ട ചോദ്യംചെയ്തു. പരാതിക്കാരന് ആര്‍എസ്എസ് ബന്ധത്തിന് തെളിവുകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകീര്‍ത്തിക്കേസില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാന്‍ നേരിട്ട് ബാധിക്കപ്പെട്ട വ്യക്തിയായിരിക്കണം. ഇവിടെ പരാതിക്കാരന്‍ അത്തരത്തിലുള്ള ഒരാളല്ലെന്നും അതിനാല്‍ പരാതി നിയമപരമായി നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പ്രതികള്‍ക്കെതിരെ കേസ് പരിഗണിക്കുന്നതിന് മജിസ്ട്രേറ്റ് കൃത്യമായ കാരണങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് മുഹമ്മദ് നാലപ്പാടിന് വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് വിക്രം ഹുയില്‍ഗോള്‍ ആരോപിച്ചു. പരാതിക്കാരന് കേസ് ഫയല്‍ ചെയ്യാനുള്ള നിയമപരമായ അധികാരം ഉണ്ടോയെന്നത് ഒരു വിചാരണയിലൂടെ മാത്രം കണ്ടെത്തേണ്ട വിഷയമല്ലെന്നും, മറിച്ച് കേസ് പരിഗണിക്കുന്നതിന് മുന്‍പായി പ്രാഥമികമായി പരിശോധിക്കേണ്ട അടിസ്ഥാന നിബന്ധനയാണെന്നും പ്രത്യേക കോടതി വ്യക്തമാക്കി. മജിസ്ട്രേറ്റ് ഇതിനകം സമന്‍സ് അയക്കുകയും സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിചാരണ സ്റ്റേ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും സമൂഹമാധ്യമങ്ങളിലൂടെ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. സെഷന്‍സ് കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം.
ആര്‍എസ്എസിനെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചാണ് പ്രിയങ്ക് ഖാര്‍ഗെ മുന്നോട്ടു പോകുന്നത്. ആര്‍എസ്എസിന്റെ രജിസ്ട്രേഷന്‍, വരുമാന സ്രോതസുകള്‍, നിയമസാധുത, ഭാരവാഹികള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതിന് പ്രിയങ്ക് ഖാര്‍ഗെ നേരത്തെ തുറന്ന കത്തെഴുതിയിരുന്നു. സംഘടനയുടെ നിയമപരമായ പദവിയും സംഘടനാ ഘടനയും, ഭാരവാഹികളുടെയും അംഗീകൃത പ്രതിനിധികളുടെയും വിവരങ്ങള്‍, സംഭാവനകള്‍, ധനസഹായങ്ങള്‍, വരുമാന സ്രോതസുകള്‍ തുടങ്ങിയ കാര്യങ്ങള്‍, ചെലവുകളും സ്വത്തുക്കളും സംബന്ധിച്ച വിവരങ്ങള്‍, ബാധകമായ നികുതികള്‍ നിയമാനുസൃതമായി അടയ്ക്കുന്നുണ്ടോ എന്നത് തുടങ്ങിയവ വ്യക്തമാക്കണമെന്നായിരുന്നു ആവശ്യം.