കർണാടകയിൽ മുൻ പൊലീസ് കമ്മീഷണർ ബിജെപി സ്ഥാനാർഥി; ജനജീവിതത്തിൽ മാറ്റം വരുത്തുമെന്ന് വാദം

നഗര കേന്ദ്രങ്ങളിൽ വോട്ടിങ് ശതമാനം കുറവായതിനാൽ വീടുവീടാന്തരം ജനങ്ങളെ സമീപിച്ച് വോട്ട് തേടുമെന്ന് റാവു പറഞ്ഞു.

Update: 2023-04-12 11:37 GMT

ബെം​ഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ മുൻ പൊലീസ് കമ്മീഷണർ ബിജെപി സ്ഥാനാർഥി. ബെം​ഗളൂരു മുൻ പൊലീസ് കമ്മീഷണർ ഭാസ്കർ റാവു ആണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. ചാംരാജ്പേട്ടിൽ നിന്നാൽ റാവു ജനവിധി തേടുന്നത്.

നാമനിർദേശ പത്രിക സമർ‍പ്പണം ആരംഭിക്കാൻ ഒരു ദിവസം കൂടി അവശേഷിക്കെ ന​ഗരത്തിലെ ശ്രി ദോഡ്ഡ ​ഗണപതി ക്ഷേത്രത്തിലെത്തി ഭാസ്കർ റാവു ​ദർശനം നടത്തി. സർവീസിൽ നിന്ന് വിരമിച്ച ശേഷം ആം ആദ്മി പാർട്ടിയിൽ ചേർന്ന റാവു, തുടർ‍ന്ന് രാജിവച്ച് മാർച്ച് ഒന്നിനാണ് ബിജെപിയിൽ ചേർന്നത്.

"ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. നഗര കേന്ദ്രങ്ങളിൽ വോട്ടിങ് ശതമാനം കുറവായതിനാൽ ഞാൻ വീടുവീടാന്തരം ജനങ്ങളെ സമീപിച്ച് വോട്ട് ചെയ്യാൻ അഭ്യർഥിക്കും. പൊലീസ് കമ്മീഷണറായിരുന്ന കാലത്ത് ഭരണഘടനയനുസരിച്ച് ഞാനും എന്റെ സേനയും ജനങ്ങളെ സംരക്ഷിച്ചു"- ക്ഷേത്രം സന്ദർശിച്ച ശേഷം റാവു പ്രതികരിച്ചു.

Advertising
Advertising

സ്ഥാനാർഥി പ്രഖ്യാപനത്തിന്‌ പിന്നാലെ കർണാടകയിൽ ബിജെപിക്ക്‌ തിരിച്ചടിയായി മുൻ ഉപമുഖ്യമന്ത്രി ലക്ഷ്‌മൺ സവാദി പാർട്ടി വിട്ടിരുന്നു. തന്റെ മണ്ഡലമായ അത്താണിയിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു രാജി.

മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വിശ്വസ്‌തനും ശക്തനായ ലിംഗായത്ത് നേതാവുമായ ലക്ഷ്‌മൺ സവാദി കോണ്‍ഗ്രസില്‍ ചേരും. നിയമസഭാ കൗണ്‍സില്‍ അംഗത്വവും ലക്ഷ്മൺ സവാദി രാജിവച്ചു.

അതിനിടെ, തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ബെലഗാവി നോർത്തിൽ നിന്നുള്ള സിറ്റിങ് ബിജെപി എംഎൽഎ അനിൽ ബെനകെയുടെ അനുയായികൾ ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

കൂടാതെ, ബി.ജെ.പി എംഎൽഎ മഹാദേവപ്പ യാദവാദിന് ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബെലഗാവിയിലെ രാംദുർഗ് മണ്ഡലത്തിൽ അദ്ദേഹത്തിന്റെ അനുയായികളും പ്രതിഷേധിച്ചു. അടുത്തിടെ ബിജെപിയിൽ ചേർന്ന ചിക്ക രേവണയ്ക്കാണ് മണ്ഡലത്തിൽ മത്സരിക്കാൻ അവസരം നൽകിയത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ചൊവ്വാഴ്ചയാണ് ബിജെപി പുറത്തിറക്കിയത്. 224 സീറ്റുകളിൽ 189 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇതിൽ 52 പേർ പുതുമുഖങ്ങളാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News