യുപി തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്പിക്ക് കനത്ത തിരിച്ചടി; ബിജെപിക്ക് മുന്നേറ്റം

75 ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സൻ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 60 സീറ്റും ബിജെപി നേടിയപ്പോൾ എസ്പിക്ക് ആറ് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു

Update: 2021-07-03 14:56 GMT
Editor : Shaheer | By : Web Desk

നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ ഉത്തർപ്രദേശിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം. കോവിഡ് പ്രതിരോധത്തിലടക്കം യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ജനരോഷം നിലനിൽക്കുന്നതിനിടെയാണ് ബിജെപിക്ക് ആശ്വാസമാകുന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. നേട്ടമുണ്ടാക്കുമെന്നു പ്രതീക്ഷിച്ച അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി വൻ തിരിച്ചടിയാണ് നേരിട്ടത്.

75 ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സൻ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 60 സീറ്റും ബിജെപി നേടി. എസ്പിക്ക് ആറു സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ നേടിയ 60 സീറ്റുകളിൽനിന്നാണ് എസ്പിയുടെ ഈ തകർച്ച. മായാവതിയുടെ ബിഎസ്പി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

Advertising
Advertising

ഉത്തർപ്രദേശിൽ ആകെ 3,000 ജില്ലാ പഞ്ചായത്ത് അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ 75 ജില്ലകളിലെ ചെയർപേഴ്‌സൻ സ്ഥാനത്തേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നത്. 21 ബിജെപി സ്ഥാനാർത്ഥികളും ഒരു എസ്പി സ്ഥാനാർത്ഥിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ എസ്പി നേടിയ 60 സീറ്റിൽ പാതിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ഇത്.

തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് എസ്പി രംഗത്തെത്തിയിട്ടുണ്ട്. പ്രയാഗ്‌രാജിൽ(പഴയ അലഹബാദ്) നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ് ക്രമക്കേട് നടന്നതായി ആരോപിച്ച് എസ്പി പ്രവർത്തകർ പൊലീസിനെ സമീപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചകമല്ലെന്ന് എസ്പി നേതാക്കള്‍ പ്രതികരിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News