'ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം അലക്കി, ഇസ്തിരിയിട്ടുകൊടുക്കുക'; പീഡനക്കേസ് പ്രതിക്ക് ജാമ്യം നല്‍കാന്‍ കോടതിയുടെ നിബന്ധന

അഡീഷനല്‍ സെഷന്‍സ് ജഡ്ജി അവിനാഷ് കുമാര്‍ മുന്‍പ് മറ്റൊരു കേസിലെ പ്രതിക്ക് ജാമ്യത്തിനു വച്ച നിബന്ധന ഗ്രാമത്തിലെ നിര്‍ധനരായ അഞ്ച് കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കണമെന്നായിരുന്നു

Update: 2021-09-23 14:55 GMT
Editor : Shaheer | By : Web Desk
Advertising

നാട്ടിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം അലക്കി ഇസ്തിരിയിടുക... സ്ത്രീപീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ ബിഹാര്‍ കോടതി മുന്നോട്ടുവച്ച നിബന്ധനയാണിത്!

ബിഹാറിലെ മധുബാനി ജില്ലയിലുള്ള ജഞ്ചാര്‍പൂരിലെ അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് കൗതുകകരമായ വിധി. ഗ്രാമത്തിലെ ഒരു സ്ത്രീയെ പീഡനത്തിന് ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായ ലാലന്‍കുമാറിനു മുന്‍പിലാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അവിനാഷ് കുമാര്‍ ഇങ്ങനെയൊരു നിബന്ധന വച്ചത്. അലക്കുതൊഴിലാളിയായതുകൊണ്ടാണ് 20കാരനായ ലാലന് ഇതേ പണി തന്നെ കൊടുത്തത്.

ഇരയുടെ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറു മാസം സൗജന്യമായി അലക്കിക്കൊടുക്കണം. അതോടൊപ്പം ഇസ്തിരിയിട്ടുകൊടുക്കുകയും വേണം. ആറുമാസത്തിനുശേഷം എല്ലാം കൃത്യമായി ചെയ്‌തെന്നു ബോധിപ്പിക്കുന്ന ഗ്രാമമുഖ്യന്റെയോ ഏതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയോ സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കണം. എല്ലാത്തിനും പുറമെ രണ്ടുപേരുടെ ആള്‍ജാമ്യത്തോടൊപ്പം 10,000 രൂപ കെട്ടിവയ്ക്കുകയും വേണം. ലാലന്‍കുമാറിന് ജാമ്യം അനുവദിക്കാന്‍ കോടതി വച്ച നിര്‍ദേശങ്ങളായിരുന്നു ഇതെല്ലാം.

കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു ലൗകാഹയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ഗ്രാമത്തിലെ ഒരു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ലാലന്‍കുമാര്‍. യുവതിയുടെ പരാതിയില്‍ തൊട്ടടുത്ത ദിവസം തന്നെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതാദ്യമായല്ല അഡീഷനല്‍ സെഷന്‍സ് ജഡ്ജി അവിനാഷ് കുമാര്‍ ഇത്തരത്തില്‍ കൗതുകകരമായ വിധികള്‍ പുറപ്പെടുവിക്കുന്നത്. മുന്‍പ് മറ്റൊരു കേസിലെ പ്രതിക്ക് ജാമ്യത്തിനു വച്ച നിബന്ധന ഗ്രാമത്തിലെ നിര്‍ധനരായ അഞ്ച് കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കണമെന്നായിരുന്നു. മൂന്നു മാസത്തെ പൂര്‍ണ ചെലവ് വഹിക്കണം. ഈ കാലയളവ് കഴിഞ്ഞ് കുട്ടികളുടെ മാതാപിതാക്കളുടെ അംഗീകാരവും കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു ജഡ്ജി നിര്‍ദേശിച്ചത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News