Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ബിഹാറിൽ ശക്തമായ പ്രചാരണവുമായി ഇരു മുന്നണികളും. മഹാസഖ്യത്തിൽ പരസ്പരം മത്സരിച്ച നാല് സ്ഥാനാർത്ഥികൾ കൂടി പത്രിക പിൻവലിച്ചു. ഇന്ന് കൂടുതൽ ദേശീയ നേതാക്കൾകൂടി സംസ്ഥാനത്തെത്തുന്നതോടെ പ്രചാരണം കൊഴുപ്പിക്കുകയാണ് പാർട്ടികൾ.
ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പത്രിക പിൻവലിക്കാനുള്ള സമയപരിധിയും അവസാനിച്ചതോടെ ശക്തമായ പോർമുഖം തുറക്കുകയാണ് രണ്ട് മുന്നണികളും. രണ്ടാംഘട്ട വോട്ടെടുപ്പിനായി മത്സരിക്കുന്നത് 1302 സ്ഥാനാർഥികളാണ്. മഹാസഖ്യത്തിൽ മൂന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളും വികാസ്ഷീൽ ഇൻസാൻ പാർട്ടിയിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിയും പത്രിക പിൻവലിച്ചു.
ബിജെപിയുടെ വിമത സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചിട്ടുണ്ട്. മുൻ ബിജെപി എംഎൽഎമാരായ പ്രകാശ് റായ്, രശ്മി വർമ്മ എന്നിവരും പത്രിക പിൻവലിച്ചു. അവസാനഘട്ടത്തിൽ അശോക് ഗെലോട്ടിന്റെ ഫോർമുലകൾ ഫലിച്ചു എന്നാണ് കോൺഗ്രസ് ക്യാമ്പുകളിലെ വിലയിരുത്തൽ.
മഹാസഖ്യത്തിന്റെ പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കും. ജനകീയ പ്രഖ്യാപനങ്ങളിലൂടെ സ്ത്രീ വോട്ടർമാരെ ആകർഷിക്കുകയാണ് ലക്ഷ്യം. ഛഡ്ഡ് പൂജയ്ക്ക് ശേഷം റാലികൾക്കായി രാഹുൽ ഗാന്ധി കൂടിയെത്തുന്നതോടെ കളം നിറയും. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന എൻഡിഎ പ്രചരണത്തിന്റെ മുനയൊടിഞ്ഞതോടെ മോദിയെ മുൻനിർത്തിയുള്ള പരീക്ഷണം ആകും ഇത്തവണയും ആവർത്തിക്കുക.