വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കൊന്നു, രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ ഏറ്റുമുട്ടലിൽ മരിച്ചു

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾക്ക് വെടിയേറ്റത്.

Update: 2023-10-16 12:30 GMT
Advertising

പട്ന: ബിഹാറിൽ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കൊന്ന പ്രതികള്‍ ഏറ്റുമുട്ടലില്‍ മരിച്ചു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾക്ക് വെടിയേറ്റത്. പൊലീസ് ഉദ്യോഗസ്ഥനായ അമിതാഭ് കുമാറാണ് കൊല്ലപ്പെട്ടത്. വൈശാലി ജില്ലയിലെ സരായ് ബസാര്‍ ചൗക്കിലെ യുക്കോ ബാങ്കിന് സമീപം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം.

മൂന്നു പേർ ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ടാണ് പൊലീസ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടത്. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അമിതാഭ് കുമാര്‍ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ യുവാക്കളെ പിന്തുടര്‍ന്നു. ഇതിനിടെ മൂന്നംഗ സംഘത്തിലെ ഒരാള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചില്‍ രണ്ടുതവണ വെടിയേറ്റ അമിതാഭ് കുമാര്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

രക്ഷപ്പെട്ട പ്രതികളിൽ രണ്ടുപേരെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതും പ്രതികൾ വെടിയേറ്റ് മരിച്ചതുമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. പൊലീസുകാരനുനേരെ വെടിയുതിർത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മറ്റൊരു പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News