അറസ്റ്റിലാകുന്ന മന്ത്രിമാരുടെ സ്ഥാനം തെറിപ്പിക്കുന്ന ബില്‍ ജനാധിപത്യത്തിന് നേരെയുള്ള വധ ഭീഷണി: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
''കള്ളക്കേസുകൾ ചമച്ച് ജയിലിലടച്ച് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അയോഗ്യരാക്കി സർക്കാറുകളെ അട്ടിമറിക്കുന്നതിലേക്കാണ് ഇത് നയിക്കുക''
ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരുടെ സ്ഥാനം തെറിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ല്, ജനാധിപത്യത്തിന് നേരെയുള്ള വധ ഭീഷണിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി.
'അഞ്ചു വർഷമോ അതിലധികമൊ തടവ് ശിക്ഷ വിധിക്കപ്പെടാവുന്ന കുറ്റം ആരോപിക്കപ്പെട്ട 30 ദിവസം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ അവ എന്നിവരെ സ്വമേധയാ അയോഗ്യരാക്കുന്ന വ്യവസ്ഥ പ്രതിപക്ഷ പാർട്ടികളുടെ സർക്കാരുകളെ ലക്ഷ്യം വച്ച് കൊണ്ടാണെന്ന്'- യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റ് അഡ്വ: സർഫറാസ് അഹ്‌മദും ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫലിയും പറഞ്ഞു.
'കള്ളക്കേസുകൾ ചമച്ച് ജയിലിലടച്ച് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അയോഗ്യരാക്കി സർക്കാറുകളെ അട്ടിമറിക്കുന്നതിലേക്കാണ് ഇത് നയിക്കുക. ബിജെപി മന്ത്രിമാർക്കെതിരെ എത്ര ഗുരുതരമായ അരോപണം വന്നാലും ചെറുവിരലനക്കാത്ത അന്വേഷണ സംവിധാനങ്ങൾ, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് ഇതിനോടകം നാം കണ്ടിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോൾ ആരോപണ വിധേയരായ നേതാക്കൾ ബിജെപിയിൽ ചേർന്നാൽ ആ നിമിഷം കുറ്റവിമുക്തരാകുന്ന വാഷിംഗ് മെഷീൻ രാഷ്ട്രീയവും ഇന്ത്യയിൽ തുടർക്കഥയാണ്.
വോട്ടു ചോരി അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യാ സഖ്യം ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായ ബി ജെ പി സർക്കാർ കടുത്ത ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നത്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിസ്ഥാനപരമായ സ്വഭാവത്തെ അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും പൊതുസമൂഹവും രംഗത്തിറങ്ങണമെന്നും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു.