2026-ൽ തമിഴ്‌നാട് ബിജെപി സഖ്യം ഭരിക്കുമെന്ന് അമിത് ഷാ; യുഎസിൽ ഭരണം പിടിച്ചാലും തമിഴ്‌നാട് കിട്ടില്ലെന്ന് ഡിഎംകെ
2026-ലാണ് തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ചെന്നൈ: 2026-ൽ തമിഴ്‌നാട്ടിൽ ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഴിമതിക്കാരായ ഡിഎംകെ സർക്കാരിനെ പുറത്താക്കാൻ തമിഴ്‌നാട്ടിലെ ജനങ്ങൾ കാത്തിരിക്കുകയാണെന്നും 2026-ൽ തമിഴ്‌നാട്ടിൽ ബംഗാളിലും ബിജെപി ഭരണം ഉറപ്പാക്കുമെന്നും അമിത് ഷാ മധുരയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 10 ശതമാനംപോലും സർക്കാർ യാഥാർഥ്യമാക്കിയില്ല. വ്യാജ മദ്യദുരന്തത്തെ തുടർന്നുള്ള മരണങ്ങൾ മുതൽ 'ടാസ്മാക്കി'യിലെ 39,000 കോടിയുടെ അഴിമതിവരെ ഡിഎംകെ പൂർണമായും പരാജയപ്പെട്ട സർക്കാരാണ്. കേന്ദ്ര ഫണ്ടുകൾ സ്റ്റാലിൻ സർക്കാർ വകമാറ്റി ചെലവഴിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
അതിനിടെ അമിത് ഷാക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. യുഎസിൽ ഭരണംപിടിക്കാൻ ബിജെപിക്ക് നേരിയസാധ്യതയുണ്ടാകും. പക്ഷേ തമിഴ്‌നാട്ടിൽ അത് നടക്കില്ലെന്ന് പാർട്ടി വക്താവ് ഡോ. സെയ്ദ് ഹഫീസുല്ല പറഞ്ഞു. 39000 കോടി രൂപയുടെ അഴിമിത ആരോപണത്തിൽ, ബിജെപി സാങ്കൽപ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.