പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് നേരെ കരിങ്കൊടിയും കല്ലും ചെളിയുമെറിയുന്നതായി പരാതി

പൊലീസ് സ്വമേധയാ കേസെടുത്തു

Update: 2022-01-30 03:37 GMT
Editor : Lissy P | By : Web Desk
Advertising

പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് നേരെ കരിങ്കൊടിയും കല്ലും ചെളിയുമെറിയുന്നതായി പരാതി. സ്ഥാനാർഥികൾ പ്രചാരണത്തിനായി ഗ്രാമങ്ങളിലേക്കെത്തുമ്പോൾ അവരുടെ വാഹനങ്ങൾക്ക് നേരെ കരിങ്കൊടി കാണിക്കുന്നതും ചെളിവാരി എറിയുന്നതുമായ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനുവരി 24ന് ചുർ ഗ്രാമത്തിൽ ബി.ജെ.പി സിവാൽഖസ് സ്ഥാനാർത്ഥി മനീന്ദർപാൽ സിംഗിന് നേരെ കരിങ്കൊടി കാണിച്ച് ആക്രമണം നടത്തിയെന്ന പരാതിയിൽ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. തിരിച്ചറിയാത്ത 65 പേരും പ്രതിപ്പട്ടികയിലുണ്ട്. സിംഗ് നേരിട്ട് പരാതി നൽകിയില്ലെങ്കിലും പൊലീസ് സ്വന്തം നിലയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കല്ലെറിഞ്ഞവർ രാഷ്ട്രീയ ലോക്ദളിന്റെ (ആർഎൽഡി) പതാകകൾ പിടിച്ചിരുന്നതായും  ഇവരെ തിരിച്ചറിഞ്ഞു വരികയാണെന്നും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ആളുകളെ തിരിച്ചറിയുന്ന മുറക്ക് ശക്തമായ നടപടിയെടുക്കുമെന്നും സർധന പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ലക്ഷ്മണൻ വർമ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച മുസാഫർനഗറിലെ സ്ഥാനാർഥിയും സിറ്റിംഗ് എം.എൽ.എയുമായ വിക്രം സൈനിയെ അദ്ദേഹത്തിന്റെ മണ്ഡലം കൂടിയായ ഭൈൻസി ഗ്രാമത്തിൽ ഒരു കൂട്ടം കർഷകർ തടഞ്ഞുവെച്ചു. ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സ്ഥാനാർഥിയെ നാട്ടുകാർ തടഞ്ഞത്. ജയിച്ചു പോയി അഞ്ചുവർഷത്തിന് ശേഷം ഗ്രാമത്തിലേക്ക് കാലുകുത്തിയതെന്തിനെന്ന് ചോദിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

 ദിവസങ്ങൾക്ക് മുമ്പ് ഇതേ മണ്ഡലത്തിലെ മുന്നാവർ കാലാനിലും സമാനമായ പ്രതിഷേധം സൈനി നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇതിൽ പുതുതായി ഒന്നുമില്ലെന്നും പ്രചാരണത്തിനിടയിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം ഇന്ത്യൻ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ബാഗ്പത്തിലെ ചപ്രൗലിയിൽ നിന്നുള്ള ബിജെപി മത്സരാർത്ഥിയായ സഹേന്ദ്ര റമാലക്ക് നേരെ ദാഹ ഗ്രാമവാസികൾ കരിങ്കൊടി കാണിക്കുകയും ഗ്രാമത്തിലേക്ക് കടക്കാൻ അനുവദിക്കുകയും ചെയ്തില്ല.

പ്രതിഷേധത്തിന് പിന്നിൽ പ്രതിപക്ഷമാണെന്ന് പടിഞ്ഞാറൻ യു.പി ബി.ജെ.പി വൈസ് പ്രസിഡന്റ് മനോജ് പോസ്‍വാൾ പറഞ്ഞു. അക്രമികളിൽ ഭൂരിഭാഗവും ആർ.എൽ.ഡിയുടെയോ പ്രതിപക്ഷ പാർട്ടികളുടെയോ ആളുകളാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പു പോരാട്ടത്തിൽ പരാജയപ്പെടുമെന്ന അവരുടെ നിരാശയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തോൽക്കുമെന്ന ഭയത്തിൽ ബി.ജെ.പിക്കാർ തന്നെയാണ് ഇത് ചെയ്യുന്നതെന്ന് പ്രതിപക്ഷപാർട്ടിനേതാക്കൾ ആരോപിച്ചു. ഫെബ്രുവരി 10, 14 തീയതികളിലാണ് പടിഞ്ഞാറൻ യു.പിയിൽ  വോട്ടെടുപ്പ് നടക്കുന്നത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News